ഓടേറ്റി തെക്ക് പാടശേഖരത്തില്‍ മടവീഴ്​ച

പുഞ്ചകൃഷിക്കുള്ള മുന്നൊരുക്കം നടന്നുവരവെയാണ് മടവീണത് ചങ്ങനാശ്ശേരി: രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ വാഴപ്പള്ളി കൃഷിഭവന്‍ പരിധിയിലുള്ള ഓടേറ്റി തെക്ക് പാടശേഖരത്തില്‍ വ്യാപകമായി മടവീഴ്ച. പുഞ്ചകൃഷിക്കുള്ള മുന്നൊരുക്കം നടന്നുവരവെയാണ് മടവീണത്. വാഴപ്പള്ളി കൃഷിഭവന്‍ പരിധിയിലുള്ള 502 ഏക്കറും ആലപ്പുഴ ജില്ലയില്‍ വെളിയനാട് കൃഷിഭവന്‍ പരിധിയിലുള്ള 48 ഏക്കറും ഉള്‍പ്പെടെ 550 ഏക്കര്‍ പാടശേഖരമാണ് ഓടേറ്റി തെക്ക്. 300 കർഷകരുടെ നേതൃത്വത്തിലാണ് ഇവിടെ കൃഷി നടത്തിയിരുന്നത്. ഇത്തവണത്തെ കൃഷിക്കു മുന്നോടിയായി ഒരുക്കം നടത്തുമ്പോഴാണ് അപ്രതീക്ഷിതമായി മടവീഴ്ച സംഭവിച്ചത്. പാടശേഖത്തില്‍ പൂര്‍ണമായി വെള്ളംകയറിയ നിലയിലാണ്. നവംബര്‍ പകുതിയോടെയാണ് ഇവിടെ കൃഷി ആരംഭിച്ചിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ വെള്ളംവറ്റിച്ച് നിലമൊരുക്കുന്ന ജോലി യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. എട്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള കല്‍ക്കെട്ടിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിനുപുറമേ ആറു മോട്ടര്‍ തറകളും ബലക്ഷയമുള്ള അവസ്ഥയിലാണ്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. മടവീഴ്ച തുടര്‍ന്നാല്‍ വിത്തിറക്കുന്ന ജോലി ഉള്‍പ്പെടെ വൈകും. ഇത്തരം സാഹചര്യമുണ്ടായാല്‍ വേനല്‍മഴയുടെ സമയത്ത് കൊയ്ത്ത് നടത്തേണ്ടതായി വരും. ഓടേറ്റി തെക്ക്, വടക്ക് പാടശേഖരങ്ങളുടെ വികസനത്തിനായി നബാഡില്‍നിന്ന് 5.24 കോടി അനുവദിച്ചതായി കര്‍ഷകര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും നടപടി വൈകുകയാണ്. താല്‍ക്കാലികമായി കര്‍ഷകര്‍ ചേര്‍ന്ന് മടകെട്ടിയിരിക്കുകയാണ് ഇപ്പോള്‍. കല്‍ക്കെട്ടുകള്‍ ബലപ്പെടുത്തുന്നതിന്​ നടപടി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പടം; KTL CHR 2 mada ഒടേറ്റി പാടശേഖരത്തില്‍ മടവീണപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.