വെള്ളാപ്പള്ളിയെ പിന്തുണക്കുന്ന പിണറായിക്കെതിരെ പ്രതികരിക്കണം -യോഗം സമുദ്ധാരണ സമിതി

അടൂര്‍: സംസ്ഥാനത്തെ അറിയപ്പെടുന്ന സാംസ്‌കാരിക, നവോത്ഥാന നേതാവും എഴുത്തുകാരനുമായ പ്രഫ. എം.കെ. സാനു ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വെള്ളാപ്പള്ളി നടേശനെതിരെയുള്ള ഗുരുതര അഴിമതിക്കേസുകളിലുള്‍പ്പെടെ നടപടി സ്വീകരിക്കാന്‍ മടിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രിക്കും ഇടതു സര്‍ക്കാറിനും എതിരെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ശക്തമായി പ്രതികരിക്കാന്‍ എസ്.എന്‍.ഡി.പി യോഗം സമുദ്ധാരണ സമിതി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. നടേശനെതിരെ തെളിവുകളുള്ള നിരവധി കേസുകളില്‍ നടപടിയെടുക്കാന്‍ തയാറാകാതെ എം.കെ. സാനുവിനെ പോലെയുള്ള പരാതിക്കാരെ അപമാനിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്ക് ബഹുഭൂരിപക്ഷം വരുന്ന സമുദായ അംഗങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ചുട്ടമറുപടി നല്‍കണമെന്ന് സമുദ്ധാരണ സമിതി ആഹ്വാനം ചെയ്തു. ചെയര്‍മാന്‍ കെ.എന്‍. ബാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. അഞ്ചയില്‍ രഘു പ്രമേയം അവതരിപ്പിച്ചു. ചവറ സോമരാജന്‍, ആറ്റിങ്ങല്‍ കൃഷ്ണന്‍ കുട്ടി, ജി. സോമന്‍, മോഹന്‍ദാസ് തമ്പി, അനില്‍ തടാലില്‍, കുടശനാട് മുരളി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.