കങ്ങഴ​യിൽ​ കേരള കോൺഗ്രസുകളുടെ വാശിപ്പോര്​

കങ്ങഴ: കേരള കോണ്‍ഗ്രസുകളുടെ നേർക്കുനേർ പോരാട്ടത്തിനാണ്​ കങ്ങഴ ഡിവിഷൻ വേദിയാകുന്നത്​. ജില്ലയിലെ മറ്റ്​ ഡിവിഷനുകളിൽ സമാനമത്സരം നടക്കുന്നുണ്ടെങ്കിലും കങ്ങഴയിലാണ്​ ആകാംക്ഷയേറെ. കഴിഞ്ഞതവണ ഇവിടെനിന്ന്​ വിജയിച്ച അജിത് മുതിരമലക്ക്​ പ്രസിഡൻറ്​ സ്ഥാനം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു കേരള കോണ്‍ഗ്രസുക​െള രണ്ടു മുന്നണികളിലാക്കി മാറ്റിയത്​. ജോസ് വിഭാഗത്തിലായിരുന്ന അജിത് മുതിരമല പാർട്ടിയിലെ പിളർപ്പിൽ ജോസഫിനൊപ്പംനിന്നു.​ തുടർന്ന്​ യു.ഡി.എഫ്​ ഇടപെട്ട്​ നടത്തിയ ചർച്ചയിൽ രണ്ടാംടേം പ്രസിഡൻറ്​ സ്ഥാനം അജിത് മുതിരമലക്ക്​ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ, മറുകണ്ടം ചാടിയാൾക്ക്​ പദവി നൽകില്ലെന്ന നിലപാടിൽ ജോസ്​ വിഭാഗം ഉറച്ചുനിന്നു. ഈ പോരിനൊടുവിലാണ്​ ജോസ് വിഭാഗം യു.ഡി.എഫില്‍നിന്ന്​ പുറത്തുപോയത്​. അതിനാൽ, കങ്ങ​ഴയിലെ വിജയം ജോസ്​, ജോസഫ്​ വിഭാഗങ്ങൾക്ക്​ അഭിമാനപോരാട്ടമാണ്​. ഡിവിഷൻ മൊത്തത്തില്‍ യു.ഡി.എഫിന് അനുകൂലമെന്നു തോന്നാമെങ്കിലും ചില പ്രത്യേക കേന്ദ്രങ്ങള്‍ എല്‍.ഡി.എഫി​ൻെറ ശക്തികേന്ദ്രങ്ങളാണ്. ബി.ജെ.പിക്കുമുണ്ട് ഇത്തരം ശക്തികേന്ദ്രങ്ങള്‍. ഇര കേരള കോണ്‍ഗ്രസുകള്‍ക്കും ഇവിടെ സ്വാധീനമുണ്ട്. കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും വെള്ളാവൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളും ഒമ്പതു മുതല്‍ 13 വരെ വാര്‍ഡുകളും ഉള്‍പ്പെടുന്നതാണു ഡിവിഷന്‍. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ്​ സീറ്റ്. ഡോ.ആര്യ എസ്.കുറുപ്പാണ് സ്ഥാനാര്‍ഥി. ആയുര്‍വേദ ഡോക്ടറായ ആര്യ മുന്‍മന്ത്രി കെ. നാരായണക്കുറുപ്പി​ൻെറ അനന്തരവ​ൻെറ മകളാണ്. രാഷ്​ട്രീയത്തില്‍ പുതുമുഖമാണെങ്കിലും ബന്ധുബലവും പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്വാധീനവും വിജയം ഉറപ്പിക്കുന്ന ഘടകങ്ങളാണെന്നു ആര്യയും യു.ഡി.എഫും പറയുന്നു. സി.പി.ഐയുടെ ഹേമലത പ്രേംസാഗറാണ്​ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗവും കേരള മഹിളാസംഘം ജില്ല പ്രസിഡൻറും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. വെള്ളാവൂര്‍ പഞ്ചായത്ത്​ അംഗം, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്​ അംഗം, വെള്ളാവൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 20 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്ത്​ സജീമായ ജയശ്രീ മോഹനാണ്​ എന്‍.ഡി.എ സ്ഥാനാര്‍ഥി. ബി.ജെ.പി കറുകച്ചാല്‍ പഞ്ചായത്ത് കമ്മിറ്റി മെംബര്‍, മഹിള ഐക്യവേദി യൂനിറ്റ് മുന്‍ പ്രസിഡൻറ്​, നെത്തല്ലൂര്‍ എന്‍.എസ്.എസ് വനിത സമാജം മുന്‍സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പടങ്ങൾ KTL ARYA KANGAZHA KTL hemalatha KANGAZHA KTL jayasree KANGAZHA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.