ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇത്തവണ ദര്‍ശനം നടത്താന്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി പോകണം പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങളും വകുപ്പുതല സജ്ജീകരണങ്ങളും പൂര്‍ത്തിയായി. പമ്പ മുതൽ സന്നിധാനംവരെ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഉന്നത ഉദ്യോഗസ്​ഥരുടെ വിഡിയോ കോൺഫറൻസ്​ യോഗം ചേർന്ന്​ വിലയിരുത്തി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പത്തനംതിട്ട ജില്ല കലക്​ടർ അറിയിച്ചു. സംസ്ഥാനത്ത്​ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിദിനം 1000 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. റിസല്‍ട്ട് ഇല്ലാതെ വരുന്നവര്‍ക്ക് ടെസ്​റ്റ്​ നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. പമ്പയില്‍ കുളിക്കാന്‍ അനുവദിക്കില്ല. പകരം ഇവിടെ ഷവറുകള്‍ സ്ഥാപിക്കും. പമ്പയില്‍ തീർഥാടകര്‍ക്ക് കുളിക്കുന്നതിനായി രണ്ടു ഷവര്‍ യൂനിറ്റുകള്‍കൂടി അധികമായി നിർമിക്കും. ജലസേചന വകുപ്പ് ഷവര്‍ യൂനിറ്റുകളിലേക്കും, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്കും ആവശ്യമായ ജലം ലഭ്യമാക്കും. ആരോഗ്യവകുപ്പ് വേണ്ടത്ര കിയോസ്‌കുകളും, ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്​റ്റാഫുകളുടെയും സേവനം ഉറപ്പുവരുത്തും. ഇത്തവണ ദര്‍ശനം നടത്താന്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി പോകുന്നതിനാണ്​ സര്‍ക്കാര്‍ നിർദേശം. ഈ വഴിയില്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീർഥാടന പാതയില്‍ അഞ്ച് അടിയന്തര ഘട്ട വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നിലക്കല്‍ ബേസ് ക്യാമ്പില്‍ സി.എഫ്.എൽ.ടി.സി സജ്ജീകരിച്ചിട്ടുണ്ട്. അധികമായി 16 ആംബുലന്‍സുകളും ഒര​ുക്കിയിട്ടുണ്ട്. തീർഥാടകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. സന്നിധാനം, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പമ്പ എന്നിവിടങ്ങളില്‍ സാനിറ്റൈസിങ്​ കിയോസ്‌കുകള്‍, മുഖാവരണങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ തുടങ്ങിയവ സ്ഥാപിക്കും. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെയെല്ലാം നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വനപാതകളില്‍ മുഖാവരണം നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ വനം വകുപ്പ് സ്ഥാപിക്കും. വൈദ്യുതി ബോര്‍ഡ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നുണ്ടെന്ന്​ ഉറപ്പു വരുത്തും. കെ.എസ്.ആര്‍.ടി.സി പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ 25 ബസുകള്‍ സര്‍വിസ് നടത്തും. പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തി​ൻെറ എല്ലാ ഭാഗത്തുനിന്നും കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തും. ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, അസിസ്​റ്റൻറ്​ കലക്ടര്‍ വി.ചെല്‍സാ സിനി, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ബി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.