ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക്​ ആശുപത്രിയായി ഉയർത്തുമെന്ന ഉറപ്പ് പാഴ്വാക്കായി; വ്യാപക പ്രതിഷേധം

ഈരാറ്റുപേട്ട: തദ്ദേശ തെര​െഞ്ഞടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം. നഗരസഭ ചെയർമാൻ നിസാർ കുർബാനിക്ക് മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ മാസമാണ് ഉറപ്പുനൽകിയത്. 2017 ഏപ്രിലിൽ പൊതുപ്രവർത്തകനായ പൊന്തനാൽ ഷരീഫ് സംസ്ഥാന ന്യൂനപക്ഷ കമീഷന് നൽകിയ ഹരജിയെ തുടർന്നാണ് 2019 ജനുവരി ഒന്നിന് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്ന് കമീഷൻ ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് നിരവധി പ്രക്ഷോഭങ്ങള്‍ ഈരാറ്റുപേട്ടയിൽ നടന്നു. ജില്ല പഞ്ചായത്തും ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്ന് പ്രമേയം പാസാക്കി സർക്കാറിന്​ സമർപ്പിച്ചിരുന്നു. കെ.എ. മുഹമ്മദ് നദീർ മൗലവി ചെയർമാനായി ആക്​ഷൻ കമ്മിറ്റി രൂപവത്​കരിച്ച് സമരപരിപാടികൾ നടത്തുകയും വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. നഗരസഭ പരിധിയിലെ കോവിഡ് രോഗികളുടെ എണ്ണം ദിവസേന ഉയരുന്ന സാഹചര്യത്തിലാണ്​ ഇത്തരമൊരു ആവശ്യം വ്യാപകമായി ഉയർന്നത്​. കുടുംബാരോഗ്യ ​കേന്ദ്രത്തിൽ ദിവസേന 500 ഓളം പേരാണ് ചികിത്സ തേടി എത്തുന്നത്. കോവിഡിനെ തുടര്‍ന്ന് ഒ.പി ഉച്ചവരെയാക്കിയപ്പോഴും 200 ലധികം പേരെത്തുന്നുണ്ട്.നിലവില്‍ 24 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. വലിയ താലൂക്കില്‍ ഒന്നിൽ കൂടുതൽ താലൂക്ക്​ ആശുപത്രിയാകാമെന്ന് സർക്കാർ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് ന്യൂനപക്ഷ കമീഷൻ ഉത്തരവിട്ടത്. പുതിയ കെട്ടിട നിര്‍മാണത്തിനായി ഒന്നര ഏക്കറോളം സ്ഥലവും ആശുപത്രിക്ക്​ സ്വന്തമായുണ്ട്. ന്യൂനപക്ഷ കമീഷന്‍ ഉത്തരവ് നടപ്പാക്കാത്തത് പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന അനീതിയും വിവേചനവുമാണെന്ന് മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എ. മുഹമ്മദ് അഷറഫും പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻറ്​ എം.പി. സലീമും പറഞ്ഞു. ഈരാറ്റുപേട്ടയുടെ ആരോഗ്യ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.