പ്രസിഡൻറാക്കാം​; സ്ഥാനാർഥിയാകുമോ?

പലരുടെയും ​പ്രസിഡൻറ്​ സ്വപ്​നം വനിതകൾ 'തട്ടിയെടുത്തു' കോട്ടയം: അധ്യക്ഷസ്ഥാനം വനിതകൾക്ക്​ സംവരണം ചെയ്​ത തദേശസ്ഥാപനങ്ങളുടെ പട്ടിക പുറത്തുവന്നതോടെ, ജില്ലയിലെ പലപഞ്ചായത്തുകളിലും പ്രസിഡൻറാക്കാൻ കഴിയുന്ന വനിതകൾക്കായി നെ​ട്ടോട്ടം. ഭരണം ഉറപ്പെന്ന്​ കരുതുന്ന പഞ്ചായത്തുകളില്‍ പ്രസിഡൻറ്​ സ്ഥാനം വനിതക്കായതോടെയാണ്​ പല മുന്നണികളും സ്ഥാനാര്‍ഥി ദാരിദ്ര്യത്താല്‍ ബുദ്ധിമുട്ടുന്നത്. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുപരിചയമുള്ള നിരവധി പുരുഷ മെംബര്‍മാര്‍ ഇത്തവണയും ജയിച്ചുവരുമെങ്കിലും അവരെ നയിക്കാന്‍ കെല്‍പുള്ള വനിതാ സ്ഥാനാര്‍ഥികള്‍ പല പഞ്ചായത്തുകളിലും ഇല്ലെന്നാണു മുന്നണികളുടെ പരാതി. തദ്ദേശസ്ഥാപനങ്ങളില്‍ 33 ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തിയതു മുതല്‍ ആരംഭിച്ചതാണു മുന്നണികളുടെ പ്രശ്‌നം. തെരഞ്ഞെടുപ്പു ഒക്‌ടോബറിലുമുണ്ടാകുമെന്ന ധാരണയില്‍ മുന്നണികള്‍ സ്ഥാനാര്‍ഥികള്‍ക്കായി ചര്‍ച്ച ആരംഭിച്ചിരുന്നുവെങ്കിലും ജില്ലയില്‍ ഭൂരിഭാഗം പഞ്ചായത്തുകളിലും വനിതകള്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ മൂന്നു മുന്നണികള്‍ക്കും ഇതുവരെ പാര്‍ട്ടികള്‍ക്ക് അനുയോജ്യമായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാൽ, ചിലയിടങ്ങളിൽ ഒന്നിലധികം പേർ മത്സരിക്കാൻ രംഗത്തുണ്ടുതാനും. പിൻസീറ്റ്​ ഡ്രൈവിങ്​ ലക്ഷ്യമിട്ട്​ ഭാര്യമാരെ പലരും രംഗത്തിറക്കിയിട്ടുമുണ്ട്​. ഇത്തരത്തിലും സ്​ഥാനാർഥികളില്ലാത്തിടങ്ങളിലാണ്​ വനിതകളെ കണ്ടെത്താൻ മത്സരം. എല്‍.ഐ.സി ഏജൻറുമാര്‍, അധ്യാപികമാര്‍, അഭിഭാഷകര്‍ എന്നിങ്ങനെയുള്ളവർക്കാണ്​ മുന്നണികള്‍ പ്രാധാന്യം നല്‍കുന്നത്. ആശാ, കുടുംബശ്രീ പ്രവര്‍ത്തകരെയും സ്ഥാനാര്‍ഥിയാക്കാന്‍ നെട്ടോട്ടമോടുന്ന മുന്നണികളുമുണ്ട്. പക്ഷേ, ഭര്‍ത്താക്കന്മാരും മക്കളും സമ്മതിക്കില്ലെന്നതിനാല്‍ ഇങ്ങനെയുള്ള ഓപറേഷന്‍ പലതും വിജയിക്കുന്നില്ല. ഇത്തരത്തില്‍, സ്ഥാനാര്‍ഥി ദൗർലഭ്യം നേരിടുന്നതിനിടെയാണു ജില്ലയില്‍ അപ്രതീക്ഷിതമായി ചില പഞ്ചായത്തുകള്‍ വനിത സംവരണവും മറ്റും ആക്കിയിരിക്കുന്നത്. കഴിഞ്ഞതവണ പ്രസിഡൻറ്​ വനിത സംവരണമായിരുന്ന ചില പഞ്ചായത്തുകളില്‍ ഇത്തവണ പ്രസിഡൻറ്​ സ്ഥാനം പട്ടികജാതി വനിത സംവരണമായതോടെ പ്രസിഡൻറ്​ സ്ഥാനം മോഹിച്ചു പണിയെടുത്തവരെല്ലാം മൗനത്തിലാണ്. വിജയപുരം പഞ്ചായത്തില്‍ ഇത്തരത്തില്‍ പ്രസിഡൻറ്​ സ്ഥാനം മോഹിച്ച ഒന്നിലേറെ പേരാണ് ഞെട്ടിയിരിക്കുന്നത്. കോട്ടയം നഗരസഭയിലും ഇത്തവണ ചെയർമാൻ സ്​ഥാനം പ്രതീക്ഷിച്ച്​ നിരവധി നേതാക്കന്മാരാണ്​ ​ രംഗത്തുണ്ടായിരുന്നത്​. എന്നാൽ, ഇത്തവണ വനിതയായി. ഇതോടെ ഒപ്പംനിൽക്കുന്ന വനിതകൾക്ക്​ സീറ്റ്​ ഉറപ്പിക്കാൻ നേതാക്കൻമാർ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.