ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവരുടെ കോവിഡ് പരിശോധന: സ്വന്തം വാഹനത്തിലെ യാത്ര ആശങ്കയുളവാക്കുന്നു

ഏറ്റുമാനൂര്‍: ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവരെ കോവിഡ് പരിശോധനക്കായി സ്വന്തം വാഹനത്തില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് വിളിച്ചുവരുത്തുന്നത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ പേരൂരില്‍ ഇപ്രകാരം നടന്ന പരിശോധനയില്‍ പങ്കെടുക്കാന്‍ സ്വന്തം വാഹനങ്ങളില്‍ എത്തിയത് പത്തിലധികം പേരാണ്. വിദേശത്തുനിന്ന്​ രാജ്യത്തി​ൻെറ വിവിധ ഭാഗങ്ങളില്‍നിന്ന്​ എത്തി നിരീക്ഷണത്തില്‍ കഴിയുന്നവരാണ് ബൈക്കിലും കാറിലും കിലോമീറ്ററുകള്‍ സഞ്ചരിച്ച് പരിശോധന​െക്കത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ ഓടിച്ചിട്ട് പിടികൂടി ആശുപത്രിയില്‍ എത്തിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് അധികൃതര്‍ തന്നെ ഇവരെ ജനമധ്യത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. പേരൂര്‍ മന്നാമലയില്‍ പ്രവര്‍ത്തിക്കുന്ന കാസാ മരിയ റിട്രീറ്റ് സൻെററിലേക്കാണ് നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധനക്ക്​ വിളിച്ചുവരുത്തിയത്. മൂന്നുപേര് ബൈക്കിലും ഒരാള്‍ ടാക്‌സിയിലും മറ്റുള്ളവര്‍ സ്വന്തം കാറിലും ബന്ധുക്കളുടെ കാറിലുമായാണ് പരിശോധനക്ക്​ എത്തിയത്. ഇത് ശാസ്ത്രീയ നടപടിയല്ലെന്ന്​ സമ്മതിക്കുന്ന അധികൃതർ വിശദീകരിക്കുന്നത്, കോവിഡ് രോഗികളുടെ എണ്ണം പെരുകിയതോടെ എല്ലാവരെയും വീട്ടിലെത്തിയോ കേന്ദ്രത്തിലെത്തിച്ചോ പരിശോധന നടത്താനുള്ള സംവിധാനം ഇല്ലെന്നാണ്. ആംബുലന്‍സി​ൻെറ അഭാവം മൂലം പലപ്പോഴും ഫലമറിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനാവുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായം പലപ്പോഴും ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. വാര്‍ഡുതലത്തില്‍ രൂപവത്​കരിക്കപ്പെട്ട ജാഗ്രത സമിതികള്‍ നിഷ്‌ക്രീയമാകുന്നതും പ്രതിരോധപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിലും ക്വാറൻറീന്‍ ശരിയായവിധം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും ജാഗ്രത സമിതികള്‍ പരാജയപ്പെടുകയാണ്. വിദേശത്തുനിന്നെത്തി പേരൂരില്‍ ഹോം ക്വാറൻറീനില്‍ കഴിഞ്ഞിരുന്ന യുവാവിന് പത്തുദിവസം കഴിഞ്ഞിട്ടും വൈദ്യസഹായവും മറ്റും ലഭിക്കാതെപോയത് ജാഗ്രത സമിതിയുടെ വീഴ്ചയാണെന്ന് കഴിഞ്ഞദിവസം നഗരസഭയില്‍ ചേര്‍ന്ന കോവിഡ് നിരീക്ഷണസമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പാലിക്കപ്പെട്ടു എന്നുവരുത്താന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഫോണിലൂടെ രൂപവത്​കരിച്ച സമിതിയാണ് പലയിടത്തുമുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.