ക​ട​യ്ക്ക​ൽ വി​പ്ല​വ​സ്മാ​ര​ക​ത്തി​ലെ ശി​ൽ​പ​ങ്ങ​ൾ

ബ്രിട്ടീഷുകാർക്കെതിരെ 'സ്വതന്ത്രരാജ്യം' പ്രഖ്യാപിച്ച കടയ്ക്കൽ വിപ്ലവം

കടയ്ക്കൽ: സ്വാതന്ത്ര്യസമര പോരാട്ടത്തിന്‍റെ പ്രധാന ചരിത്ര ഏടാണ് കടയ്ക്കൽ വിപ്ലവം. കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് ജനം അധികാരം പിടിച്ചെടുത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ ബദൽ സർക്കാർ ഉണ്ടാക്കിയിട്ടുള്ളത്. അതിലൊന്ന് 1921ലെ മലബാർ കാർഷിക കലാപത്തിൽ ആലി മുസ്ലിയാർ ഭരണാധികാരിയായി സ്വതന്ത്ര രാജ്യ പ്രഖ്യാപനം നടത്തിയതാണ്. രണ്ടാമത്തേതാണ് 1938ൽ കടയ്ക്കലിൽ നടന്ന കർഷകവിപ്ലവം.

സർ സി.പിയുടെ വാഴ്ചയും അധികാര രൂപങ്ങളും എട്ട് ദിവസത്തേക്ക് തുരത്തിയായിരുന്നു കടയ്ക്കൽ സ്വതന്ത്ര്യരാജ്യമായി മാറിയത്. 1938 സെപ്റ്റംബർ 26നാണ് കടയ്ക്കലിൽ കലാപം തുടങ്ങിയത്. കടയ്ക്കൽ ചന്തയിൽ കരാറുകാർ ഏർപ്പെടുത്തിയ അന്യായമായ ചന്തപ്പിരിവിനെതിരെയായിരുന്നു സമരത്തിന്‍റെ തുടക്കം. കർഷകരുടെ രോഷമാണ് കലാപത്തിൽ അണപൊട്ടിയത്.

1938 സെപ്റ്റംബർ 21ന് സ്റ്റേറ്റ് കോൺഗ്രസ് യോഗം ആറ്റിങ്ങലിൽ നടന്നത്. കടയ്ക്കലിൽ നിന്നുള്ള ചെറുപ്പക്കാരും ഇതിൽ പങ്കെടുത്തിരുന്നു. എന്നാൽ യോഗം പൊലീസും സിംസൺ പടയും ചേർന്ന് പൊളിച്ചു. ഇതിനെതുടർന്നുനടന്ന വെടിവപ്പിൽ രണ്ടുപേർ മരിച്ചു. ഇതിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് കോൺഗ്രസിന്‍റെ പ്രക്ഷോഭം കടയ്ക്കലും തുടങ്ങണമെന്നും ചന്തക്കരത്തിനും മറ്റു അനീതികൾക്കെതിരെ ആയിരിക്കണം സമരമെന്നും തീരുമാനമായി.

1938 സെപ്റ്റംബർ 26ന് സ്റ്റേറ്റ് കോൺഗ്രസ് നേതാവ് കിളിമാനൂർ ശങ്കരപ്പിള്ള ജനങ്ങളോട് സംസാരിച്ചു. ചന്തയിലേക്ക് കടക്കാതെ പുറത്ത് സമാന്തരചന്ത നടത്തി. കരാറുകാർ ഇതിനെ ആക്രമിച്ചു. പൊലീസും ഒപ്പം ചേർന്നു. ജനം തിരിച്ചടിച്ചു.

അടുത്ത ചന്തദിവസം സെപ്റ്റംബർ 29ന് രണ്ട് പ്ലാറ്റൂൺ പട്ടാളം കടയ്ക്കൽ എത്തി. പൊലീസ് ജനത്തെ തല്ലിയോടിക്കാനും മർദിക്കാനും തുടങ്ങി. ജനം ഓടി രക്ഷപ്പെട്ടതോടെ പൊലീസ് മാത്രമായി കടയ്ക്കലിൽ. ഈ സമയത്ത് ചിതറയിൽനിന്ന് ആയിരത്തിലേറെ സമരക്കാർ കടയ്ക്കൽ ഭഗവതിക്ഷേത്രമൈതാനത്തേക്ക് ജാഥയിൽ അണിനിരന്നു. 'ബീഡി'വേലുവായിരുന്നു ക്യാപ്റ്റൻ. തോട്ടുംഭാഗം സദാനന്ദൻ, തോട്ടുംഭാഗം രാഘവൻ, ചരുവിള രാഘവൻപിള്ള, കൃഷ്ണ വൈദ്യർ, പണിയിൽ വേലായുധൻ എന്നിവരാണ് ജാഥ നയിച്ച മറ്റുചിലർ. ജാഥ പൊലീസ് തടഞ്ഞു. പിരിഞ്ഞുപോയില്ലെങ്കിൽ വെടിെവക്കുമെന്ന് തഹസിൽദാർ പത്മനാഭ അയ്യർ അറിയിച്ചു.

ബീഡി വേലുവിനെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഇൻസ്പെക്ടർ അസ്സറിയുമായി വേലു ഇടഞ്ഞു. ഈ സമയത്ത് പുതിയവീട്ടിൽ രാഘവൻ പിള്ള (പിന്നീട് കടയ്ക്കൽ രാജാവ് എന്നറിയപ്പെട്ട ഫ്രാങ്കോ രാഘവൻപിള്ള) പൊലീസ് ഇൻസ്പെക്ടറെ ആഞ്ഞടിച്ചു. താഴെ വീണ ഇൻസ്പെക്ടർ ലാത്തിച്ചാർജിന് നിർദേശം നൽകി. സമരക്കാർ പൊലീസുമായി ഏറ്റുമുട്ടി. ഇതിനിടയിൽ മജിസ്ട്രേറ്റിന്‍റെ ഡഫേദാർ കൃഷ്ണക്കുറുപ്പിനെ ചന്തിരൻ കാളിയമ്പി കുത്തി. (കുത്തിയ കാളിയമ്പി കേസിൽ പ്രതിയായില്ല). ഇതോടെ പൊലീസ് പിന്തിരിഞ്ഞ് ബസിൽ കയറി സ്ഥലം വിട്ടു. ജാഥ കടയ്ക്കലിൽ എത്തിയപ്പോൾ പൊലീസുകാർ ഇല്ലാതിരുന്ന ഔട്ട് പോസ്റ്റ് പ്രക്ഷോഭകർ ആക്രമിച്ചു. സെപ്റ്റംബർ 20ന് 1500 പേർ വാഴോട് കുന്നിൻമുകളിൽ തമ്പടിച്ചു. പട്ടാളം മൂന്നാം ദിവസം വന്നപാടെ കലാപകാരികൾ നാടൻബോംബ് എറിഞ്ഞു. പട്ടാളവണ്ടി തിരുവനന്തപുരത്തേക്ക് പോയി.

കുമ്മിൾ പകുതിയിൽ കടയ്ക്കൽ കേന്ദ്രമായി സ്വതന്ത്ര രാജ്യം പ്രഖ്യാപിക്കപ്പെട്ട വാർത്ത രാജ്യം മൊത്തം പരന്നു. കലാപകാരികൾ കടയ്ക്കൽ രാജാവായി പുതിയ വീട്ടിൽ രാഘവൻപിള്ളയെയും മന്ത്രിമാരായി പരമേശ്വരൻ പിള്ളയെയും ചന്തിരൻ കാളിയമ്പിയെയും തെരഞ്ഞെടുത്തതായി പറയപ്പെടുന്നു.

സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. കടയ്ക്കൽ വിപ്ലവം കേരളചരിത്രത്തിൽ വലിയ രീതിയിൽ ഒരിക്കലും ഉയർത്തിക്കാട്ടാത്തപോലെതന്നെ സമഗ്രമായ ചരിത്രവും എഴുതപ്പെട്ടില്ല. സമരസേനാനികളിൽ പലരുടെയും അവസാനകാലം ദുരിതം നിറഞ്ഞതായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരായിരുന്നു പ്രക്ഷോഭം നടത്തിയതെങ്കിലും 'അക്രമം' തങ്ങളുടെ മാർഗമല്ലാത്തതി നാൽ കോൺഗ്രസിന് കടയ്ക്കൽ വിപ്ലവം ജ്വലിക്കുന്ന ഏടായില്ല. പഞ്ചായത്ത് മുൻകൈ എടുത്താണ് കടയ്ക്കൽ സമര സ്മാരകം സ്ഥാപിച്ചത്.

Tags:    
News Summary - 'Freedom' against the British A shopping revolution announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.