കൊല്ലത്തിന്‍റെ വിളക്കുമാടത്തിന് 120

കൊല്ലം: തങ്കശ്ശേരി ലൈറ്റ് ഹൗസിന് 120 വയസ്സ്. ജില്ലയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് വെളുത്ത വസ്ത്രത്തില്‍ ചുവന്ന ദാവണി ചുറ്റിയപോലെയുള്ള ഈ വിളക്കുമാടം. സംസ്ഥാനത്തെ ഏറ്റവും വലിയ വിളക്കുമാടങ്ങളിൽ ഒന്നാണിത്. ഉയരം- 135 അടി (41.15മീറ്റർ).

മുമ്പ് നരച്ച ചാരനിറത്തിലുള്ള ഒറ്റ നിറത്തിൽ മാത്രമായിരുന്ന ലൈറ്റ് ഹൗസിന് ചുവന്ന ദാവണി ചുറ്റിയപോലുള്ള പുതിയ പെയിന്‍റിങ് വന്നത് 1984 ലാണ്. 193 പടികളുള്ള പിരിയൻ ഗോവണി കയറിയും ലിഫ്റ്റ് ഉപയോഗിച്ചും ലൈറ്റ് ഹൗസിന് മുകളിലെത്താം. ഇവിടെനിന്ന് നോക്കിയാല്‍ കൊല്ലം നഗരത്തിന്‍റെ മനോഹരമായ കാഴ്ചകൾ കാണാം.

1898ലാണ് തങ്കശ്ശേരിയില്‍ 34 മീറ്റര്‍ ഉയരമുള്ള ദീപസ്തംഭം എന്ന നിര്‍ദേശം ആദ്യമായി വന്നത്. 1900ത്തില്‍ ഇതിന് അംഗീകാരം ലഭിച്ചതോടെയാണ് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയറായിരുന്ന എഫ്.ഡബ്ല്യു.യു ആഷ്പിറ്റൽ 1902 ൽ ലൈറ്റ് ഹൗസ് രൂപകൽപന ചെയ്യുന്നത്. 1940ൽ ഗോപുരത്തിനുണ്ടായ വിള്ളലുകൾ എൻജിനീയർ എ.എൻ. സീലിന്‍റെ നേതൃത്വത്തിൽ വെള്ളം പിടിക്കാത്ത ഇഷ്ടികകൾകൊണ്ട് പുറം കവചം നൽകി നവീകരിക്കുകയായിരുന്നു. അതിന് ശേഷമാണ് ഗോപുരത്തിന്‍റെ നിറം ചുവപ്പായി മാറിയത്.

തുടക്ക കാലങ്ങളിൽ മണ്ണെണ്ണ വിളക്കില്‍ ജ്വലിച്ചിരുന്ന വിളക്കുമാടത്തില്‍ ഇപ്പോള്‍ മെറ്റൽ ഹാലൈഡ് വിളക്കുകളാണ് ഉപയോഗിക്കുന്നത്. 1994ലാണ് ഇന്നുകാണുന്ന ഇലക്ട്രിക് പ്രകാശം വരുന്നത്. ഇവിടെനിന്നുള്ള വെളിച്ചം ഏകദേശം 20 കി.മീറ്റർ അകലെവരെ കാണാന്‍ സാധിക്കും.

കോവിഡ് വ്യാപനത്തെതുടർന്ന് ലൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. എന്നാലിപ്പോൾ പ്രവേശനാനുമതി ലഭിച്ചതോടെ നിരവധി സന്ദർശകരാണ് വന്നുപോകുന്നത്. ലൈറ്റ് ഹൗസിനോട് ചേർന്ന് ചിൽഡ്രൻസ് പാർക്കും സന്ദർശകർക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കാനുമായി നിരവധി ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ലൈറ്റ് ഹൗസ് അവധിയാണെങ്കിലും മറ്റു ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനസമയം. മൂന്ന് വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

Tags:    
News Summary - 120 for the lighthouse of Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.