പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചയാൾ പിടിയിൽ

അഞ്ചൽ: ഭാര്യയെയും മക്കളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിക്കുന്ന വിവരമറിഞ്ഞെത്തിയ പൊലീസിനുനേരെ ആക്രമണം നടത്തിയയാൾ പിടിയിൽ. അറയ്ക്കൽ ലക്ഷ്മീവരം വീട്ടിൽ അജേഷ് (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി ഏഴോടെയാണ് സംഭവം. തന്നെയും മക്കളെയും ഭർത്താവ് വീട്ടിനുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുന്നതായും കത്രിക ഉപയോഗിച്ച് കുത്തിക്കൊല്ലാൻ ശ്രമിക്കുന്നതായുമുള്ള വിവരം അജേഷിന്‍റെ ഭാര്യ ഫോണിൽ അറിയിച്ചതനുസരിച്ചാണ്​ പൊലീസ്​ സ്ഥലത്തെത്തിയത്​. വീട്ടിലെത്തിയ അഞ്ചൽ എസ്.ഐ പ്രജീഷ്​കുമാർ, ഗ്രേഡ് എസ്.ഐ റാഫി എന്നിവർ അജേഷിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ അജേഷ് വീട്ടിനുള്ളിൽനിന്ന്​ കൊടുവാളുമായെത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐ പ്രജീഷിനുനേരേ രണ്ടുതവണ കൊടുവാൾ വീശിയെങ്കിലും പരിക്കേൽക്കാതെ തലനാരിഴക്ക്​ രക്ഷപ്പെട്ടു. ആക്രമണം തടയാൻ ശ്രമിച്ച ഗ്രേഡ് എസ്.ഐ റാഫിയെ ചവിട്ടിവീഴ്ത്തുകയും സി.പി.ഒ അരുൺ ജോസഫിനെ കടിച്ച് പരിക്കേൽപിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പൊലീസെത്തിയാണ് അക്രമാസക്തനായ അജേഷിനെ സാഹസികമായി കീഴ്​പ്പെടുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം : അജേഷ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.