നാടൊരുമിച്ചു; കാണാതായ ബധിരനും മൂകനുമായ മധ്യവയസ്‌കനെ കണ്ടെത്തി

ശാസ്താംകോട്ട: ഒരാഴ്ച മുമ്പ് ശാസ്താംകോട്ടയില്‍നിന്ന് കാണാതായ ബധിരനും മൂകനുമായ മധ്യവയസ്‌കനെ വ്യാപകമായ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി. ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ തെറ്റിക്കുഴി തെക്കതില്‍ സുബേര്‍കുട്ടി (54)യെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ചെങ്ങന്നൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഒന്നാം തീയതി മുതലാണ് സുബേര്‍കുട്ടിയെ കാണാതായത്. ഭരണിക്കാവില്‍ ഒരു പരിപാടിക്ക് സഹോദരനോടൊപ്പം എത്തിയ സുബേര്‍കുട്ടി ഉച്ചക്ക് പരിപാടിസ്ഥലത്ത് നിന്നിറങ്ങി വീട്ടിലേക്ക് പോകാന്‍ ശ്രമിക്കവേ സ്ഥലപരിചയമില്ലാതെ വഴിതെറ്റി പോകുകയായിരുന്നു. ഭരണിക്കാവിലേക്ക് വരേണ്ടതിന് പകരം സിനിമാപറമ്പിലേക്ക് പോവുകയും അവിടെ നിന്ന് അടൂര്‍, പന്തളം, മാവേലിക്കര, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിലൂടെ മനസ്സിലാക്കി. സഹോദരന്‍ ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും സുബേര്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഇയാളെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം നടത്തുകയുംചെയ്തു. സംഭവത്തില്‍ ശാസ്താംകോട്ട ഡിവൈ.എസ്.പി ഷെരീഫ്, സി.ഐ അനൂപ്, എസ്.ഐ പ്രവീണ്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ നിന്ന​്​ കണ്ടെത്തി വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നത്. സു​േബർകുട്ടിയെ തിരികെയെത്തിക്കാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഗ്രാമപഞ്ചായത്ത് അംഗം ഐ. ഷാനവാസിന്‍റെ നേതൃത്വത്തില്‍ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.