ഹാരിഫക്ക് പിറന്നാൾ സമ്മാനമായി 'ബുക്കി​െൻറ പണി' കൊടുത്ത് മക്കൾ

പടന്ന: പിറന്നാൾ സമ്മാനമായി ഉറ്റവർക്ക് പലതും നൽകി ആശ്ചര്യപ്പെടുത്താറുണ്ട് പലരും. പലതും അപ്രതീക്ഷിതമായതായിരിക്കും. എന്നാൽ, പടന്ന പൊറോട്ടുള്ള ഹാരിഫ സിദ്ദീഖിന് മക്കൾ പിറന്നാൾ സമ്മാനമായി 'ബുക്കി​െൻറ പണി' കൊടുത്ത് തികച്ചും ആശ്ചര്യപ്പെടുത്തി.

ഫേസ്ബുക്കിലും മറ്റും താൻ കുറിച്ചിട്ട കവിതകളിൽ പലതും ശേഖരിച്ച് അത് അച്ചടിച്ച് പുസ്തകമാക്കി മക്കൾ ഉമ്മയുടെ കൈയിൽ കൊടുത്തപ്പോൾ അത് തികച്ചും വേറിട്ടൊരു പിറന്നാൾ സമ്മാനമായി. ഹാരിഫ എഴുതിയ കവിതകളിൽ കാലിക പ്രാധാന്യമുള്ള 19 കവിതകളാണ് മക്കൾ തിരഞ്ഞെടുത്ത് 'വൈകി വിരിഞ്ഞ പൂക്കൾ' എന്ന പേരിൽ പുസ്തക രൂപത്തിൽ ഇറക്കിയത്.

ഉമ്മയുടെ ജന്മദിനം അധ്യാപക ദിനത്തിൽ ആയതിനാൽ മക്കൾ ആരും ആ ദിവസം മറക്കാറില്ലായിരുന്നു. പാരതന്ത്ര്യം, മഴയോർമകൾ, നിതി​െൻറ ഓർമക്ക് മുന്നിൽ പ്രതീക്ഷയോടെ, ലോക്ഡൗൺ, ഭൂമിയിലെ മാലാഖമാർ, ഈ കൊറോണക്കാലത്ത്, സ്ത്രീ, കലണ്ടർ, ഫീനിക്സ് പക്ഷികൾ, മരണം, വിരഹം, ഒരുവൾ, അശനിവർഷം, നീരദം, തടങ്കൽപാളയങ്ങൾ, പെണ്ണ്, തെളിവ്, നൊസ്​റ്റാൾജിയ, നീ...തീ എന്നിങ്ങനെ 19 കവിതകളാണ് പുസ്തകത്തിലുള്ളത്.

മൂത്ത മകൻ ഷഹ്സാസാദും ഭാര്യ ഹൈഫയുമായിരുന്നു പുസ്തക പണിയുടെ സൂത്രധാരന്മാർ. മകൻ ഹസ്സയുമൊത്ത് ഇവർ അബൂദബിയിലാണ് താമസം. നാട്ടിലുള്ള മറ്റു മൂന്നു മക്കളായ സിയാദ്, ഫയ്യാദ്, ഫാത്തിമ, അമ്മാവ​െൻറ മകൻ റാസിക്ക് എന്നിവർ നാട്ടിൽനിന്ന് കാര്യങ്ങൾ നീക്കി.

ഇവരെ കൂടാതെ കൊച്ചു ഇമാദുമുണ്ട് ഹാരിഫക്ക് മകനായി. ഒടുവിൽ പിറന്നാളി​െൻറ പകലിൽ അപ്രതീക്ഷിത സമ്മാനമായി പുസ്തകം ഹാരിഫയുടെ കൈയിലെത്തി. അമ്മാവൻ പി.പി. ഖാദർ പുസ്തകം ഹാരിഫക്ക് കൈമാറി. പരേതനായ യു.എം. അഹമ്മദി​െൻറയും പി.പി. സാറുവി​െൻറയും ഏക മകളാണ് ഹാരിഫ. ഭർത്താവ് എം.എം. സിദ്ദീഖ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.