പടന്ന: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കം പടന്നയിലെ യു.ഡി.എഫ് മുന്നണി ബന്ധംതന്നെ തകരുന്ന അവസ്ഥയിലേക്ക് എത്തിയ സാഹചര്യത്തിൽ ലീഗ്, കോൺഗ്രസ് ജില്ല നേതൃത്വം തന്നെ മുൻകൈയെടുത്ത് വിഷയം പരിഹരിക്കാൻ രംഗത്തിറങ്ങി. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജില്ല നേതൃത്വം ലീഗിന് കത്ത് കൈമാറി.
മുന്നണി ബന്ധം തകരാതെ നിലനിർത്താൻ ലീഗ് വിട്ടുവീഴ്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. രണ്ടാം വാർഡിൽ ലീഗിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർഥികൾ പത്രിക പിൻവലിക്കാതെ നിലനിർത്തിയത് യു.ഡി.എഫിനുള്ളിൽ വൻ പെട്ടിത്തെറിക്ക് കാരണമായിരുന്നു.
ബ്ലോക്ക് സീറ്റ് ലീഗിന് കൈമാറിയ സ്ഥിതിക്ക് രണ്ടാം വാർഡ് കോൺഗ്രസിന് നൽകി വിഷയം തീർക്കാമായിരുന്നു എന്നാണ് ഇരു പാർട്ടിയിലേയും സാധാരണ പ്രവർത്തകർക്കുള്ളത്. ശക്തയായ ഒരു സ്ഥാനാർഥിയെ നിർത്താതെ ഒരു പുതുമുഖത്തെ നിർത്തിയതിലൂടെ മറ്റു വാർഡിലെ സമവായ ചർച്ചകൾക്കൊടുവിൽ ലീഗ് സ്ഥാനാർഥിയെ പിൻവലിക്കും എന്നായിരുന്നു പൊതുവെ ഉണ്ടായ പ്രതീതി.
എന്നാൽ, ചിലരുടെ പിടിവാശി മൂലം പത്രിക പിൻവലിക്കാതെ ലീഗ് സ്ഥാനാർഥിയെ നില നിർത്തുകയായിരുന്നു. രണ്ടാം വാർഡ് കോൺഗ്രസിന് കിട്ടും എന്ന ഉറപ്പിൽ മൂന്നാം വാർഡിൽനിന്ന് പത്രിക പിൻവലിച്ച കോൺഗ്രസ് മണ്ഡലം സെക്രട്ടറി രദീപ് കാനങ്കര താൻ ചതിക്കപ്പെട്ടു എന്ന് പരസ്യമായി പ്രതികരിച്ചാണ് കോൺഗ്രസ് ഭാരവാഹിത്വവും പാർട്ടി അംഗത്വവും രാജിവെച്ചത്.
മുമ്പെങ്ങുമില്ലാത്ത വിധം പടന്നയിൽ മുന്നണിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലീഗ് പഞ്ചായത്ത് കമ്മിറ്റിയും അടിയന്തിര യോഗം ചേർന്നു. വാർഡിൽ ലീഗിന്റെ സ്ഥാനാർഥിയെ മരവിപ്പിച്ച് കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങി വിഷയം പരിഹരിക്കാനാണ് ജില്ല നേതൃത്വവും ആവശ്യപ്പെടുന്നത്.
ഇതിനിടെ ഏതുവിധേനയും വിജയിച്ച് പഞ്ചായത്ത് ഭരണം നിലനിർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ലീഗ് സ്വതന്ത്രയെ രംഗത്തിറക്കിയ പതിനാലാം വാർഡായ തെക്കേക്കാട് തങ്ങളുടെ സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ച് ലീഗിനെ ഒന്നുകൂടി സമ്മർദത്തിലാക്കാമായിരുന്നുവെന്നും നേതൃത്വത്തിന് തന്ത്രങ്ങൾ പിഴച്ചുവെന്നും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.