കുടകിലെ നെല്ലിഹതുക്കേരിയിൽ ഒരുങ്ങുന്ന പടന്ന വില്ലേജ്

കന്നട മണ്ണിലെ 'പടന്ന വില്ലേജ്' ഒരുങ്ങി

പടന്ന: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഏറെ നാശനഷ്​ടങ്ങൾ സംഭവിച്ച കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടക കുടക്‌ ജില്ലയിലെ എല്ലാം നഷ്​ടപ്പെട്ടവർക്കായി പടന്നക്കാർ നീട്ടിയ വീടെന്ന സ്വപ്ന പദ്ധതി അവസാന ഘട്ടത്തിലേക്ക്.

പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച നെല്ലിഹതുക്കേരി എന്ന സ്ഥലത്ത് പടന്ന ഡിസാസ്​റ്റർ ഹെൽപ് ​െഡസ്ക്കി​െൻറ നേതൃത്വത്തിൽ 'പടന്ന വില്ലേജ്' എന്ന പേരിൽ ഒരുക്കുന്ന 10 വീടുകൾ പെയിൻറിങ്​ ജോലികൾകൂടി കഴിയുന്ന മുറക്ക് അർഹതപ്പെട്ടവർക്ക് കൈമാറും.

ഇവിടുത്തെ മുസ്​ലിം ജമാഅത്തും സഹായ ചാരിറ്റബ്​ൾ ട്രസ്​റ്റും നൽകിയ 50 സെൻറ്​ സ്ഥലത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് വീടി​െൻറ പണികൾ ആരംഭിച്ചത്. വീടുനിർമാണം എന്ന ലക്ഷ്യം വെച്ച് ജമാഅത്ത് രണ്ട് ഏക്കർ സ്​ഥലം ഇവിടെ എടുത്തിരുന്നു.

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായാണ് പടന്നയിലെ സ്കൂൾ കുട്ടികൾ മുതൽ ക്ലബുകളും പ്രവാസികളും വീട്ടമ്മമാരും കുടുംബ ചാരിറ്റികളും എസ്.എസ്.എൽ.സി ബാച്ചുകളും ഒരേ മനസ്സോടെ രംഗത്തിറങ്ങിയത്.

ദുരിതത്തിലായവരുടെ കണ്ണീരൊപ്പാൻ ഇറങ്ങിയപ്പോൾ പ്രതീക്ഷകൾക്കുമപ്പുറമുള്ള തുക പിരിഞ്ഞുകിട്ടിയപ്പോഴാണ് പ്രളയത്തിൽ സർവതും നഷ്​ടപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകാം എന്ന ധാരണയിൽ കൂട്ടായ്മ എത്തിയത്.

തുടർന്ന് ഏറ്റവും പിന്നാക്കം നിൽക്കുന്നതും ദുരിത മഴ ഏറെ ചെയ്തിറങ്ങിയതുമായ സ്ഥലം എന്ന നിലക്ക് കുടകിലെ നെല്ലി ഹെതിക്കേരി എന്ന ഗ്രാമത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

600 വീടുകൾ ഉണ്ടായിരുന്ന പ്രദേശത്തെ 110 വീടുകളും പ്രളയത്തിൽ പൂർണമായും തകർന്നിരുന്നു.

പടന്ന വില്ലേജ് എന്ന പേരിൽ ഒരുക്കുന്ന 10 വീടുകൾ കൂടാതെ മറ്റ് വ്യത്യസ്ത സന്നദ്ധ സംഘടനകളുടേയും വ്യക്​തികളുടേയും സഹകരണത്തിൽ അഞ്ച് വീടുകൾകൂടി ഇവിടെ ഒരുങ്ങുന്നുണ്ട്. അതിൽ ഒരു വീട് കോൺട്രാക്റ്റ് പണി ഏറ്റെടുത്ത നാട്ടുകാരൻ ആൻറണി എന്നയാളുടെ വകയാണ്. നാല് സെൻറിലാണ് ഓരോ വീടും പണിതിരിക്കുന്നത്.

രണ്ട് കിടപ്പുമുറി, ഒരു ഹാൾ, അടുക്കള, ശുചിമുറി, സിറ്റൗട്ട് എന്നിവ അടങ്ങുന്നതാണ് വീട്. വീടിന് ഏറ്റവും അർഹരായവരെ പ്രാദേശിക ജമാഅത്തി​െൻറ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന വഴി കണ്ടെത്തും. ജാതിമത പരിഗണന കൂടാതെ ഏറ്റവും അർഹരായവർക്കാണ് വീട് കൈമാറുക.

വീടുകളുടെ 90 ശതമാനം പണി പൂർത്തിയായെങ്കിലും ബാക്കിയുള്ള മിനുക്കുപണികൾക്ക് ചെറിയ സാമ്പത്തിക പ്രയാസം അലട്ടുന്നുണ്ടെന്നും എന്നാൽ ഇത്രത്തോളം എത്തിച്ച പടന്നക്കാരുടെ സഹായത്താൽ ഉദ്ദേശിച്ച സമയത്തുതന്നെ വീടുകൾ നിർമിച്ച് കൈമാറുമെന്നും നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വി.കെ.പി. ഇസ്മായിൽ ഹാജി, പി.വി. മുഹമ്മദ് അസ്​ലം, ഷാഹുൽ ഹമീദ് എന്നിവർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.