ഓരിയിൽ പോർചുഗൽ, അർജന്റീന ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ

കളിയാവേശത്തിൽ ഖത്തർകോട്

പടന്ന: ലോകകപ്പ് ഫുട്ബാൾ ജ്വരത്തിൽ നാടും നഗരവും. കാൽപന്തിന്റെ വിശ്വമേളക്ക് അങ്ങ് ദൂരെ ഖത്തറാണ് വേദിയൊരുക്കുന്നതെങ്കിലും ആവേശം മുഴുവൻ അലയടിക്കുന്നത് ഇങ്ങ് കാസർകോടാണ്. ഗ്രാമനഗരഭേദമെന്യേ ലോകകപ്പ് ആവേശം നുരഞ്ഞൊഴുകുകയാണ്.

കട്ടൗട്ടുകളും ബാനറുകളും ഇഷ്ട ടീമുകളുടെ പതാകകളും സ്ഥാപിച്ച് ആരാധാകർ ആവേശത്തിലാണ്. പടന്ന തെക്കേപ്പുറം അർജന്റീന ആരാധകർ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചു. ഓരിയിൽ പോർചുഗൽ, അർജന്റീന ആരാധകർ ക്രിസ്റ്റ്യാനോ റൊണോൾഡോയുടേയും മെസ്സിയുടേയും കട്ടൗട്ടുകൾ സ്ഥാപിച്ചു. ഫുട്ബോൾ ആവേശത്തിൽ എ.യു.പി.എസ് കൈതക്കാടും പങ്കുചേർന്നു.

ലോകകപ്പ് ഫുട്ബാളിനെ വരവേറ്റ് കൈതക്കാട് സ്കൂളിൽ നിന്ന് വിളംബര ജാഥയും കിക്കോഫും നടത്തി. കൈതക്കാട് തർബിയത്തുൽ ഇസ്‍ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.സി. ഇബ്രാഹിം ഹാജി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.കെ. ഫൈസൽ, പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം തട്ടാനിച്ചേരി, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുല്ല മാളിയിൽ, ഹെഡ്മിസ്ട്രസ് അനിത ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

മെഗാവാളിൽ ഇനി ലൈവ് സ്ട്രീമിങ്

കാസർകോട്: മർച്ചന്റ്സ് അസോസിയേഷൻ -നഗരസഭ മെഗാവാൾ ഇന്നുമുതൽ പുലിക്കുന്നിൽ. കേരളത്തിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ വാളുകളിൽ ഒന്നായിരിക്കും ഇതെന്നാണ് സംഘാടകരുടെ അവകാശവാദം. ഇതുവഴി ഇന്നു(നവംബർ 20) മുതൽ ഡിസംബർ 18 വരെ പുലിക്കുന്നു സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ ലോകകപ്പ് ലൈവ് സ്ട്രീമിങ് നടക്കും. 432 ചതുരശ്ര അടി പിക്സൽ ത്രീ എഡി എൽ.ഇ.ഡി വാളാണ് സ്ഥാപിച്ചത്. ഖത്തറിൽ നടക്കുന്നു 64 മൽസരങ്ങളും ലൈവ് സ്ട്രീമിങ് ചെയ്യും.

വൻ സംഘാടക സമിതിയാണ് ഇതിനായി രൂപവത്കരിച്ചത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, അഡ്വ. കുഞ്ഞബു എം.എൽ.എ, കെ. അഹമ്മദ് ഷെരീഫ്, എൻ.എ. സുലൈമാൻ, കരീം സിറ്റിഗോൾഡ്, സുരേഷ് ചെട്ടിയാർ കൃഷ്ണ എന്നിവർ രക്ഷാധികാരികളായ സമിതിയുടെ ചെയർമാൻ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും വർക്കിങ് ചെയർമാൻ നഗരസഭ ചെയർമാൻ വി.എം. മുനീറുമാണ്.

ജനറൽ കൺവീനറായി ടി.എ. ഇല്ല്യാസ്, വർക്കിങ് കൺവീനറായി കെ. ദിനേശ് എന്നിവർ പ്രവർത്തിക്കുന്നുണ്ട്. അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, എ.എ. അസീസ്, മാഹിൻ കോളിക്കര അബ്ദുൽ നെഹീം അങ്കോള തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ.

ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജില്ല കലക്ടർ, ജില്ല പോലീസ് മേധാവി എന്നിവർ സംബന്ധിക്കും. 'ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക്' പ്രതികാത്മക മൊബൈൽ ലൈറ്റ് സ്വിച് ഓൺ ചെയ്തു പ്രകാശക്കൂട്ടം സൃഷ്ടിക്കും. രാത്രി 7.30ന് ഖത്തറിലെ ലോക കപ്പിന്റെ ഉദ്ഘാടന പരിപാടികൾ ലൈവ് സ്ട്രീമിങ് നടത്തുന്നതോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.

ഖത്തർ - കേരളത്തിലെ ഏറ്റവും വലിയ സ്ട്രീമിങ് സ്ക്രീനുകളിൽ ഒന്നാണ് ഇവിടെ സ്ഥാപിക്കുന്നത്. ഓരോ മത്സരത്തിനും 3000 ത്തിൽ അധികം ആളുകൾ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. മൽസരങ്ങൾ ഇല്ലാത്ത ദിവസങ്ങളായ ഡിസംബർ 8,12,13,16 തിയതികളിലും ഫൈനൽ മത്സരത്തിന്റെ തലേ ദിവസമായ 19നും മ്യൂസിക്ക് ഇവന്റുകൾ സംഘടിപ്പിക്കും.

Tags:    
News Summary - football lovers in kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.