വോർക്കാടി സഹകരണ ബാങ്കിൽ വ്യാജസ്വർണ തട്ടിപ്പ്: പൊലീസ് കേസെടുക്കാൻ തയാറാവുന്നില്ലെന്ന് പരാതി

മഞ്ചേശ്വരം: മുക്കുപണ്ടം പണയംവെച്ച് ബാങ്കിൽനിന്നും പണം തട്ടിയെടുത്തതായി പരാതി. സംഭവം ബോധ്യപ്പെട്ട ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കാൻ നിർദ്ദേശിച്ചു പരാതി മടക്കിയതായി ബാങ്ക് അധികൃതർ പറഞ്ഞു. വോർക്കാടി സർവിസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസായ സുങ്കതകട്ട ബ്രാഞ്ചിലാണ് തട്ടിപ്പ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

കാസർകോട്​ ചൗക്കി സ്വദേശിയായ അൻസാർ (25) എന്ന യുവാവാണ് തട്ടിപ്പ് നടത്തിയത്. 19 ഗ്രാംതൂക്കം വരുന്ന രണ്ട് വളകളുമായാണ് യുവാവ് ബുധനാഴ്ച ബാങ്കിൽ എത്തിയത്. നേരത്തെ ഈ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തതിനാൽ തത്സമയം തന്നെ അക്കൗണ്ട് തുടങ്ങിയതാണ് സ്വർണം പണയംവെച്ചത്.

യുവാവിന്റെ പെരുമാറ്റത്തിൽ സംശയം ഒന്നും തോന്നാത്തതിനാൽ 19ഗ്രാമിന്റെ പണയ വിലയായ 64,000 രൂപ കൈമാറുകയും ചെയ്തു. പിന്നീട് ബാങ്ക് അധികൃതർക്ക് സംശയം തോന്നി സ്വർണം മുറിച്ചു നോക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം അധികൃതർക്ക്​ മനസിലായത്. യുവാവ് നൽകിയ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

തുടർന്ന് നൽകിയ വിലാസത്തിൽ നേരിട്ട് പോയി അന്വേഷിച്ചെങ്കിലും ഇയാൾ സ്ഥലത്ത് ഇല്ലായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ മഞ്ചേശ്വരം പൊലീസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു. എന്നാൽ, പരാതി സ്വീകരിക്കാൻ മഞ്ചേശ്വരം എസ്.ഐ തയാറായില്ലെന്ന് ബാങ്ക് സെക്രട്ടറി ശ്രീവത്സൻ മാധ്യമത്തോട് പറഞ്ഞു.

Tags:    
News Summary - Fake gold scam at Vorkadi Co-operative Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.