മാറ​ുന്ന കാലത്തിലും മാറാതെ കാസർകോട്​

കാലത്തിനൊപ്പം വളരാ​ത്ത ഒരൊറ്റ ജില്ലയേ നമുക്കുള്ളൂ. കേരളത്തി​െൻറ വടക്കേയറ്റത്ത്​ കിടക്കുന്ന ആ ജില്ലക്ക് ഒരുപേരുണ്ട്​. അതാണ്​ കാസർകോട്​. 1984 മേയ്​ 24ന്​​ പിറവികൊണ്ട കാസർകോടിന്​ ഇന്ന്​ 37വയസ്സ് തികഞ്ഞു. ഒരു പിന്നാക്ക പ്രദേശത്തി​െൻറ സമഗ്ര വികസനം ലക്ഷ്യമിട്ടാണ്​ ജില്ല​യെന്ന സങ്കൽപം സാധ്യമാക്കിയത്​. ചരിത്രപരവും ഭൂമിശാസ്​ത്രപരവുമായ സവിശേഷതകൾ ഏറെയുള്ള ജില്ല. സപ്​തഭാഷാ സംഗമഭൂമി, തെയ്യത്തി​െൻറയും പൂരക്കളിയുടെയും കോട്ടകളുടെയും നാട്. കേരളത്തി​െൻറ ആദ്യ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത നാട്​. സംസ്​ഥാന സർക്കാറി​െൻറ ഒൗദ്യോഗിക വെബ്​സൈറ്റുകളിലൊന്ന്​ എത്തിനോക്കിയാൽ കാസർകോടിനെ കുറിച്ച്​ നൂറുനാക്കാണ്. എന്നാൽ, എന്താണ്​ ഇൗ ജില്ലയുടെ അവസ്​ഥ. തുടങ്ങിയിടത്ത്​ തന്നെയാണ്​ ഇന്നും എന്ന്​ പറഞ്ഞാൽ അതി​ശയോക്​തിയാവില്ല. ഇത്രയും പിന്നാക്കമായ, വികസനം ഇന്നും അന്യമായി നിൽക്കുന്ന മറ്റേത്​ ജില്ലയുണ്ട്​ കേരളത്തിൽ​. മഹാമാരിക്കാലത്ത്​ ഒരുനാടി​െൻറ നിലവിളിയാണ്​ എങ്ങും​. കാലത്തിനും പിന്നിൽ നടക്കുന്ന കാസർകോടി​െൻറ പരിതാപകരമായ അവസ്​ഥയിലേക്ക്​ മാധ്യമം നടത്തുന്ന ഒരന്വേഷണം ഇന്നുമുതൽ...


കാസർകോട്​: കൃത്യം രണ്ടാഴ്​ച മുമ്പ്​. കാസർകോ​െട്ട പ്രമുഖ സഹകരണ ആശുപത്രിവരാന്തയിൽ ഒരു യുവാവ്​ നിസ്സഹായനായി നിൽക്കുന്നു. കോവിഡ്​ ബാധിച്ച്​ ഒാക്​സിജൻ സിലിണ്ടറി​െൻറ സഹായത്തോടെ ശ്വാസമെടുക്കുന്ന പിതാവുണ്ട്​ അകത്ത്​. പ്രായം എഴുപത്​ പിന്നിട്ട പിതാവി​െൻറ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായ വേളയിലാണ്​ ഇടിത്തീപോലെ അത്​ പതിച്ചത്​. 'ഇവിടെ ഒാക്​സിജൻ തീർന്നു; പിതാവി​നെ വേഗം ഏതെങ്കിലും ആശുപത്രിയിലേക്ക്​ മാറ്റൂ'. അന്തംവിട്ടുപോയ നിമിഷങ്ങളായി ആ വയോധിക​െൻറ കുടുംബത്തിനത്​. കേട്ടുകേൾവിപോലുമില്ലാത്ത സംഭവം. ഒരാളോടല്ല ഏകദേശം ഒരു ഡസൻ രോഗികളുടെ ബന്ധുക്കളോടും ഇതുതന്നെയാണ്​ ആശുപത്രിക്കാർ പറഞ്ഞത്​. രണ്ടിലൊന്ന്​ ആലോച്ചില്ല. രോഗിക​ളെയും കൂട്ടി മംഗളൂരുവിലേക്ക്​ പറന്നു ചിലർ. ചിലർ ഒാക്​സിജനു​ണ്ടോയെന്ന്​ ചോദിച്ച്​ ആശുപത്രികൾ കയറിയിറങ്ങി. സഹകരണ ആശുപത്രിയിലെ മാത്രം കഥയല്ലിത്​. മിക്കയിടത്തും ഇതുതന്നെ സ്​ഥിതി. കാസർകോട്​ ജില്ലതന്നെ വെൻറിലേറ്ററിലായ ദിവസങ്ങൾ മറക്കില്ലാരും.

ഒാക്​സിജൻക്ഷാമം ഒറ്റപ്പെട്ട സംഭവമാണെന്ന്​ പറയാമെങ്കിലും വിദഗ്​ധ ചികിത്സ ഇന്നും ജില്ലക്ക്​ അപ്രാപ്യമാണ്​. ചികിത്സതേടിയുള്ള ഒാട്ടപ്പാച്ചിലുകൾ ചിലർ അതിജീവിക്കും. ചിലർ പാതിവഴിയിൽ വിധിക്ക്​ കീഴടങ്ങും. കാസർകോട്​ നഗരത്തിലൂടെ മിനിറ്റുകളുടെ ഇടവേളകളിൽ ആംബുലൻസി​െൻറ ചീറിപ്പാച്ചിൽ കേൾക്കാം. ജീവനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിൽ മംഗളൂരു ലക്ഷ്യമിട്ടാണ്​ ആംബുലൻസി​െൻറ പറക്കൽ. എന്തിനും ഏതിനും അതിർത്തികടന്ന്​ മംഗളൂരുവിനെയാണ്​ ആശ്രയിക്കുന്നത്​. അതായത്​ കർണാടകയെ.

പ്രാണവായുവിന്​ താഴിട്ടപ്പോൾ

മംഗളൂരുവിലെ പ്ലാൻറുകളിൽനിന്നാണ്​ കാസർകോ​െട്ട മിക്ക ആശുപത്രികൾക്കും വേണ്ട മെഡിക്കൽ ഒാക്​സിജൻ ഇറക്കിയിരുന്നത്​. 370 വരെ സിലിണ്ടറുകളിലേക്ക്​ ദിവസവും ഒാക്​സിജൻ ലഭിച്ചു. മേയ്​ എട്ടിന്​ പതിവുപോലെ ഒാക്​സിജൻ എടുക്കാൻ എത്തിയപ്പോഴാണ്​ കേരളത്തി​േലക്ക്​ കൊടുക്കേണ്ടതില്ല എന്ന തീരുമാനം പ്ലാൻറുകാർ അറിയിക്കുന്നത്​. എം.എൽ.എയും കലക്​ടറുമൊക്കെ നേരിട്ടും രേഖാമൂലവും ബന്ധപ്പെട്ടിട്ടും ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ വഴങ്ങിയില്ല. അയൽസംസ്​ഥാനത്തി​െൻറ നയപരമായ തീരുമാനമാണത്​. രണ്ടുദിവസം കഴിഞ്ഞപ്പോൾ കാസർകോ​െട്ട കാര്യങ്ങൾ കൈവിട്ടു. ആശുപത്രികളിൽ ഒാക്​സിജൻ ക്ഷാമം. രോഗികളെ കൈയൊഴിഞ്ഞ്​ ആശ​ുപത്രികൾ. ഗുരുതരമായ സ്​ഥിതി.

കാഞ്ഞങ്ങാടുനിന്ന്​ ഏതാനും സിലിണ്ടറുകൾ എത്തിച്ച്​ തൽക്കാലികമായി പ്രശ്​നം തീർക്കുന്നു. പിറ്റേന്ന്​ മുതൽ ജില്ല ഭരണകൂടത്തി​​െൻറ നെ​േട്ടാട്ടം. ഒാക്​സിജനും തേടി മലപ്പുറം വരെയെത്തി. കണ്ണൂരുനിന്നും കോഴിക്കോട്​ നിന്നും കൊണ്ടുവന്നു. 370 സിലിണ്ടറിനു പുറമെ അധികമായി നിറച്ചുവെക്കാൻ സിലിണ്ടറുമില്ല. അഹ്​മദാബാദിൽ ഒാർഡർ ചെയ്​തെങ്കിലും വൻ തുക വേണ്ടിവന്നതിനാൽ തൽക്കാലം വാങ്ങിയില്ല. ജില്ല കലക്​ടറും ജില്ല പഞ്ചായത്തും ചേർന്ന്​ സിലിണ്ടർ ചലഞ്ച്​ വഴി സിലിണ്ടർ ലഭ്യമാക്കി. ജില്ലയുടെ ഗുരുതരാവസ്​ഥ കണ്ട്​ നാട്ടിലും വിദേശത്തുമുള്ളവർ കൈയഴിഞ്ഞ്​ സഹായിച്ചു.

മണ്ണിട്ടിട്ടും പഠിക്കാത്തവർ

കോവിഡി​െൻറ ഒന്നാംഘട്ടം ആര്​ മറന്നാലും കാസർകോട്ടുകാർ മറക്കില്ല. ഒരു പ്രദേശത്തുകാരെ ആകെ മരണത്തി​െൻറ വ്യാപാരികൾ എന്നനിലക്ക്​ അപമാനിക്കപ്പെട്ട കാലം. ഒരാൾ കോവിഡ്​ പരത്തിക്കൊണ്ടിരിക്കുന്നു തുടങ്ങി കേൾക്കാത്ത പഴികളില്ല. കോവിഡ്​ എന്നാൽ, കാസർകോട്​ മാത്രമുള്ള അജ്​ഞാത രോഗം പോലെയായി പ്രചാരണം. ഇതോടെ, കർണാടകയിൽ പ്രവേശിക്കാതിരിക്കാൻ റോഡിൽ മണ്ണിട്ടു. കേരളത്തി​െൻറ റോഡിലും മണ്ണിട്ടതോടെ ഒരു നാട്​ ഒറ്റപ്പെട്ടു. ചികിത്സക്ക്​ മംഗളൂരുവിനെ മാത്രം ആശ്രയിച്ച ജില്ലയിലെ വിലപ്പെട്ട 24 ജീവൻ പൊലിഞ്ഞു. മതിയായ ചികിത്സ കിട്ടാതെയായിരുന്നു ആ വേർപാടുകൾ. ഇതൊരു കോവിഡ്​ കാല കാര്യം മാത്രമെന്ന്​ ധരിക്കരുത്​. എന്നും ജില്ലയിലെ അവസ്​ഥ ഇതുതന്നെയാണ്​. മംഗളൂരു ഉള്ളതിനാൽ 'ജീവിച്ചു'പോകുന്നവരാണ്​ മിക്കവരും. കഴുത്തറപ്പൻ ഫീസായിട്ടും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിതേടി അതിർത്തി കടക്കുകയാണ്​ ഇവർ. അല്ലെങ്കിൽ, പരിയാരത്തോ കോഴിക്കോടോ​ ​എത്തണം. കോഴിക്കോ​െട്ട സൂപ്പർ സ്​പെഷാലിറ്റി ആശുപത്രികളിൽ നിരവധി കാസർകോട്ടുകാരാണ്​ പതിവായി എത്തുന്നത്​. ഒരു സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയില്ലാത്ത ജില്ലയാണ്​ കാസർകോട്​. മെഡിക്കൽ കോളജി​​െൻറയും താലൂക്ക്​ ആശുപത്രികളുടെയൊക്കെ കാര്യം അങ്ങേയറ്റം പരിതാപകരം. ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്​ നമ്പൂതിരിപ്പാടിനെ തെരഞ്ഞെടുത്ത നീലേശ്വരം മണ്ഡലം (നീലേശ്വരം ഇന്ന്​ തൃക്കരിപ്പൂരിൽ)​ ഉൾപ്പെടുന്ന ജില്ലക്കാണ്​ ഇൗ ദുരവസ്​ഥ.  



Tags:    
News Summary - Kasargod remains unchanged during the changing seasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.