തദ്ദേശീയം 2020: ഇ.എം.എസി​െൻറ പ്രതിയോഗിയില്ലാത്ത 'ടി.വി നിലയം' ശാന്തമാണ്...

തദ്ദേശീയം 2020: ഇ.എം.എസി​ൻെറ പ്രതിയോഗിയില്ലാത്ത 'ടി.വി നിലയം' ശാന്തമാണ്... തൃക്കരിപ്പൂർ: ഫാർമേഴ്‌സ് സർവിസ് സഹകരണ ബാങ്ക് പരിസരത്ത് ടി.വി നിലയത്തിൽ ഈ തെരഞ്ഞെടുപ്പ് വേളയിൽ ആളും ആരവവുമില്ല. 'കുടിൽപെട്ടി'യുടെ കഥകൾ തേടി മാധ്യമ പ്രവർത്തകരും കയറിച്ചെല്ലാനില്ല. ആദ്യ കമ്യൂണിസ്​റ്റ്​ മന്ത്രിസഭ അധികാരമേറിയ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ എതിരാളിയായി മത്സരിച്ച ടി.വി. കോര​ൻെറ അനുഭവങ്ങൾ പങ്കിടാൻ മാധ്യമ പ്രവർത്തകർ അദ്ദേഹത്തെ തേടി ചെല്ലുമായിരുന്നു. 2019 ഫെബ്രുവരി ഒന്നിനാണ് അദ്ദേഹം ഓർമയായത്. തെരഞ്ഞെടുപ്പ് രേഖകളോളം കണിശതയുണ്ടായിരുന്നു, '94ലും അദ്ദേഹത്തി​ൻെറ വാക്കുകൾക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിൻവലിച്ച്, ആ വോട്ടുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ഇ.എം.എസും കല്ലളന്‍ വൈദ്യരും പരാജയപ്പെടുമായിരുന്നുവെന്ന് 1957ല്‍ നീലേശ്വരം നിയമസഭ ദ്വയാംഗ മണ്ഡലത്തില്‍ പ്രജ സോഷ്യലിസ്​റ്റ്​ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ടി.വി. കോരൻ ഉറപ്പിച്ചിരുന്നു. മൂന്നു സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റത്. നീലേശ്വരത്തുനിന്ന് രണ്ടുപേര്‍ കുറയുമ്പോള്‍ മറുപക്ഷത്ത് രണ്ടു സീറ്റ് കൂടും. അപ്പോള്‍ മന്ത്രിസഭ രൂപവത്കരിക്കാന്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടാകുമായിരുന്നില്ല. 126 അംഗ സഭയില്‍ 60 സീറ്റ് കമ്യൂണിസ്​റ്റ്​ പാര്‍ട്ടിക്കും 43 സീറ്റ് കോണ്‍ഗ്രസിനും ഒമ്പത് സീറ്റ് പി.എസ്.പി.ക്കും എട്ട് സീറ്റ് ലീഗിനും ആറ് സീറ്റ് സ്വതന്ത്രര്‍ക്കുമായിരുന്നു. സ്വതന്ത്രരില്‍ അഞ്ചുപേരുടെ പിന്തുണയോടെയാണ് 65 എന്ന കേവല ഭൂരിപക്ഷത്തിലും ഒരു സീറ്റ് കൂടുതല്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി നേടിയത്. കാസര്‍കോട് ജില്ലയിലെ നീലേശ്വരം മുതല്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് വരെ നീളുന്നതായിരുന്നു അന്ന് നീലേശ്വരം ദ്വയാംഗ മണ്ഡലം. ഒരു പൊതുസീറ്റും ഒരു സംവരണ സീറ്റും ഒരേസമയം ദ്വയാംഗ മണ്ഡലത്തില്‍ ഉണ്ടാകും. കമ്യൂണിസ്​റ്റ്​ പാര്‍ട്ടി ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നീലേശ്വരത്ത് പൊതുസീറ്റിലും കല്ലളന്‍ വൈദ്യനെ സംവരണ സീറ്റിലും ഉണ്ണികൃഷ്ണന്‍ തിരുമുമ്പിനെ കോണ്‍ഗ്രസ് പൊതുസീറ്റിലും പി. അച്ചു കൊയോനെ സംവരണ സീറ്റിലും നിര്‍ത്തി. കോണ്‍ഗ്രസി​ൻെറ സംവരണ സ്ഥാനാര്‍ഥിക്ക് പി.എസ്.പി വോട്ടു ചെയ്യും. പകരം കോണ്‍ഗ്രസ് പൊതുസ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.എസ്.പിയുടെ ടി.വി. കോരന് വോട്ടുചെയ്യണം. നേതൃതലത്തില്‍ ഏകദേശ ധാരണയായി. പക്ഷേ, കോണ്‍ഗ്രസിലെ ഉണ്ണികൃഷ്ണന്‍ തിരുമുമ്പ് പിന്മാറാന്‍ തയാറായില്ല. അതോടെ ധാരണ പൊളിഞ്ഞു. അങ്ങനെയാണ് അഞ്ചു സ്ഥാനാര്‍ഥികളും മത്സരരംഗത്ത് സജീവമായത്. പത്രക്കടലാസില്‍ കൈകൊണ്ടെഴുതിയ പോസ്​റ്റര്‍ പതിച്ചാണ് അന്ന് പ്രചാരണം. നീലം മുക്കിയും പോസ്​റ്റര്‍ എഴുതിയിരുന്നു. തള്ളിയാല്‍ മാത്രം സ്​റ്റാര്‍ട്ടാകുന്ന കാറായിരുന്നു പ്രചാരണത്തിന് ഉപയോഗിച്ചത്. നോട്ടീസ് വഴിയാണ് കവലയോഗങ്ങള്‍ അറിയിച്ചിരുന്നത്. നോട്ടീസിനു താഴെ ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണെന്ന് അറിയിപ്പുണ്ടാകും. അന്നത്തെ അപൂര്‍വ സങ്കേതമായ ഉച്ചഭാഷിണി കാണാനും അതി​ൻെറ ശബ്​ദം കേള്‍ക്കാനും എതിര്‍ചേരിയിലുള്ള രാഷ്​ട്രീയക്കാരും എത്തിയിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ 50 രൂപ കെട്ടിവെച്ചപ്പോള്‍ ആകെ പ്രചാരണ ചെലവ് കേവലം 145 രൂപയായിരുന്നു. 13,000 വോട്ട് ലഭിച്ചാല്‍ കെട്ടിവെച്ച കാശ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. പി.എസ്.പിയുടെ ചിഹ്നം കുടിലായിരുന്നു. കമ്യൂണിസ്​റ്റ്​ പാര്‍ട്ടിക്കും കോണ്‍ഗ്രസിനും രണ്ടു വീതം ബാലറ്റ് പെട്ടികളായിരുന്നെങ്കില്‍ സംവരണ സ്ഥാനാര്‍ഥി ഇല്ലാതായതോടെ ഒരു പെട്ടി മാത്രമാണ് അന്ന് അനുവദിച്ചിരുന്നത്. 'രണ്ടു വോട്ടും ഒറ്റപ്പെട്ടിയില്‍, ഓരോ വോട്ടും കുടില്‍ പെട്ടിയില്‍'. ഫലം വന്നപ്പോള്‍ ഇ.എം.എസിന് ലഭിച്ചത് 38,090 വോട്ട്. സംവരണ സീറ്റില്‍ മത്സരിച്ച കല്ലളന് 44,754 വോട്ടും ലഭിച്ചു. 24,202 വോട്ടാണ് കുടിൽപെട്ടിയില്‍ വീണത്. ഉണ്ണികൃഷ്ണന്‍ തിരുമുമ്പിന് 20,938 വോട്ടുകള്‍ ലഭിച്ചു. രഹസ്യധാരണ വിജയിച്ചിരുന്നുവെങ്കില്‍ കേരള ചരിത്രം തന്നെ മറ്റൊന്നാവുമായിരുന്നു. പി.എസ്.പിയുടെ സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 1980­ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായും മത്സരിച്ചു. ഇബ്രാഹിം തൃക്കരിപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.