തെക്കേക്കാട് മുത്തപ്പൻ മടപ്പുര ജനകീയ സമിതി രൂപവത്​കരണ യോഗത്തിൽ സംഘർഷം

പടന്ന: തെക്കേക്കാട് മുത്തപ്പൻ മടപ്പുര ഭരണ ജനകീയ സമിതി രൂപവത്​കരണ യോഗത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ലാത്തിച്ചാർജിനിടയിൽ മൂന്നു ജനകീയ സമിതി പ്രവർത്തകർക്കും ഒരു സിവിൽ പൊലീസ് ഓഫിസർക്കും പരിക്കേറ്റു. ലാത്തിച്ചാർജിൽ പി.കെ. സുമേഷ് (24) , കെ. രമണി (45), കെ. നന്ദന (16) എന്നിവർക്കാണ് പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് സ്ഥലത്തെത്തിയ ജില്ല കലക്ടർ മടപ്പുരയുടെ നടത്തിപ്പ് ചുമതല തർക്കം പരിഹരിക്കുന്നതുവരെ തഹസിൽദാർക്ക് കൈമാറിയതായി അറിയിച്ചു. രണ്ടുവർഷം മുമ്പ് ആരംഭിച്ച മടപ്പുര കൂടുതൽ ജനകീയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മി​‍ൻെറ നേതൃത്വത്തിലുള്ള ജനകീയ സമിതിയാണ് ഞായറാഴ്ച യോഗം വിളിച്ചത്. ഉത്സവത്തോടനുബന്ധിച്ച് മടപ്പുര ഭരണ സമിതിയും യോഗം വിളിച്ചു. സംഘർഷം കണക്കിലെടുത്ത് ചന്തേര പൊലീസ് ഇൻസ്‌പെക്ടർ പി. നാരായണൻ ഇരു വിഭാഗത്തിനോടും യോഗം മാറ്റിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം ഭരണ സമിതി അംഗങ്ങൾ പൊലീസി​‍ൻെറ നിർദേശ പ്രകാരം ഉത്സവം കഴിഞ്ഞയുടൻ പിരിഞ്ഞുപോയി. പിന്നീട് അഞ്ചിന്​ വിളിച്ചുചേർത്ത ജനകീയ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുമായുണ്ടായ തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള ശ്രമം തടയുന്നതിനിടയിലാണ് ലാത്തി ചാർജും ഗ്രനേഡും പ്രയേഗിച്ചത്. തുടർന്ന് ജനകീയ സമിതി പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. ജില്ല കലക്ടർ ഡോ. ഡി. സജിത്ത് ബാബു, സബ്കലക്ടർ മേഘശ്രീ, എം. രാജഗോപാലൻ എം.എൽ.എ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ്, ഹോസ്ദുർഗ് തഹസിൽദാർ എൻ. മണിരാജ്, ചന്തേര പൊലീസ് ഇൻസ്‌പെക്ടർ പി. നാരായണൻ തുടങ്ങിയവർ സ്​ഥലത്തെത്തി. മടപ്പുര നടത്തിപ്പുമായുള്ള സംഘർഷം കണക്കിലെടുത്ത് ഇരു വിഭാഗവും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് നിരോധിച്ചതായി കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.