ശമ്പള പരിഷ്കരണം നിരാശജനകം -എ.എച്ച്.എസ്.ടി.എ

കാസർകോട്​: കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ശമ്പള പരിഷ്കരണ റിപ്പോർട്ട് അധ്യാപകർക്കും ജീവനക്കാർക്കും കനത്ത നഷ്​ടമാണുണ്ടാക്കിയതെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്​സ് അസോസിയേഷൻ (എ.എച്ച്​.എസ്​.ടി.എ) ജില്ല കമ്മിറ്റി ആരോപിച്ചു. അടുത്ത ശമ്പള പരിഷ്കരണം 2026ൽ കേന്ദ്ര ശമ്പള പരിഷ്കരണത്തിനുശേഷം മാത്രമെന്ന് പറയുന്നത് യഥാർഥത്തിൽ രണ്ടുവർഷത്തെ ആനുകൂല്യം നിഷേധിക്കുന്നതിന് തുല്യമാണ്. അഞ്ചുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണമെന്ന തത്ത്വം ഇവിടെ അട്ടിമറിക്കപ്പെടുന്നു. മുൻകാല പരിഷ്കരണങ്ങളിൽ നൽകിയിരുന്ന സർവിസ് വെയ്റ്റേജ് നിർത്തലാക്കിയത് ജീവനക്കാർക്ക് ഇരുട്ടടിയാണ്. സർവിസ് ദൈർഘ്യമുള്ളവരെയും പെൻഷനെയും പെൻഷൻ കമ്യൂട്ടേഷനെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. കഴിഞ്ഞ പരിഷ്കരണത്തിൽ 12 ശതമാനം ഫിറ്റ്മൻെറ് ആനുകൂല്യം നൽകിയിരുന്നത് ഇത്തവണ വെട്ടിക്കുറച്ചു. ശമ്പള പരിഷ്കരണത്തിന് നാളിതുവരെ സ്വീകരിച്ച മാർഗരേഖകളെ തകിടംമറിച്ച്​ കൗശലപൂർവം തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി അധ്യാപകരെ സംബന്ധിച്ചിടത്തോളം മൂന്നാം ഗ്രേഡ് അനുവദിക്കാത്തതിനാൽ സർവിസ് അധികമുള്ള പലരും സ്​റ്റാഗ്നേഷനിലേക്കു പോകുന്നത് സാമ്പത്തിക നഷ്​ടമുണ്ടാക്കും. ഈ നിർദേശങ്ങൾ ഈ ശമ്പള പരിഷ്കരണത്തെ മാത്രമല്ല വരും കാലങ്ങളിൽ വരാനിരിക്കുന്ന ശമ്പള പരിഷ്കരണങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും ജില്ല കമ്മിറ്റി ആരോപിച്ചു. ജില്ല പ്രസിഡൻറ് സുനിൽ മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിജി തോമസ്, പി. രതീഷ് കുമാർ, വി.പി. പ്രിൻസ് മോൻ, വി. സിനി, കെ. ഷാജി, രാജേന്ദ്രൻ മിയാപദവ്, സുബിൻ ജോസ്, ഐ.കെ. വാസുദേവൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.ബി. അൻവർ സ്വാഗതവും പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.