അഗ്​നിശമന സേന ജീവനക്കാർക്ക് വടം ഉപയോഗിച്ചുള്ള രക്ഷാപരിശീലനം

തൃക്കരിപ്പൂർ: പ്രളയകാലത്ത് ദുരിതത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്താൻ അഗ്നിശമന സേന ജീവനക്കാർക്ക് വടം ഉപയോഗിച്ച്​ രക്ഷാപരിശീലനം നൽകി. കഴിഞ്ഞ പ്രളയകാലത്ത് ഈ സംവിധാനം നിരവധി പേരുടെ രക്ഷക്കെത്തിയിരുന്നു. തുരുത്തുകളിൽ ഒറ്റപ്പെട്ടുപോകുന്നവരെ രക്ഷപ്പെടുത്താൻ ഉപയോഗിക്കുന്ന 'ഹൊറിസോണ്ടൽ റോപ് റെസ്ക്യൂ' സംവിധാനം ഉപയോഗിച്ച് പാലക്കാട് ജില്ലയിലെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഗർഭിണിയെ സേന രക്ഷപ്പെടുത്തിയിരുന്നു. ഇത് മുഴുവൻ ജീവനക്കാർക്കും പരിചയപ്പെടുത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കുറ്റിക്കോൽ, ഉപ്പള, കാസർകോട് അഗ്നി രക്ഷാനിലയങ്ങളിലെ 60ഓളം ജീവനക്കാർക്കും സിവിൽ ഡിഫൻസ് വളൻറിയർമാർക്കും കഴിഞ്ഞ ദിവസം തൃക്കരിപ്പൂർ അഗ്നിരക്ഷ നിലയത്തിൽ പരിശീലനം നൽകി. കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ഈ രക്ഷാ സംവിധാനത്തിന് താരതമ്യേന ചെലവും കുറവാണ്. പേരാവൂർ അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാരായ വി.കെ. ജോൺസൺ, ആർ.പി. ബെഞ്ചമിൻ, ബിജേഷ് കുമാർ, ജിതിൻ എന്നിവരാണ് പരിശീലനം നൽകിയത്. ജില്ല ഫയർ ഓഫിസർ ബി. രാജ്, സ്​റ്റേഷൻ ഓഫിസർമാരായ പ്രകാശ് കുമാർ, കെ.വി. പ്രഭാകരൻ, പി.വി. അശോകൻ, അസി. സ്​റ്റേഷൻ ഓഫിസർ എൻ. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.