കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതികൾ മുന്നിട്ടിറങ്ങണം

കാസർകോട്​: പ്രാദേശിക തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ പഞ്ചായത്ത്-മുൻസിപ്പൽ തല ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതികൾ നേതൃത്വം നൽകണമെന്ന് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു. ഐ.ഇ.സി കോവിഡ് ജില്ലതല കോഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണം. മാഷ് പദ്ധതിയിലെ അധ്യാപകര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശിക തലത്തിൽ സ്ഥിരം സമിതി ചെയർപേഴ്സൻമാർ പ്രാദേശിക നേതൃത്വം നൽകണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. പഞ്ചായത്ത്​ മെംബർമാർ വാർഡ്തല ജാഗ്രത സമിതികൾ ശക്തമാക്കണം. ഇതര ജില്ലകളിൽ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിദേശത്തുനിന്ന് വരുന്നവരുടെ റൂം ക്വാറൻറീൻ ഉറപ്പാക്കണം. വ്യാപാര സ്ഥാപനങ്ങളിൽ മാസ്കും ഗ്ലൗസും ധരിക്കുന്നത് ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നുവെന്ന് ഉറപ്പു വരുത്തും. ജില്ല കോവിഡ് പ്രതിരോധത്തിൽ തുടരുന്ന ജാഗ്രത കാത്തുസൂക്ഷിക്കണമെന്ന് കലക്ടർ പറഞ്ഞു. സ്‌കൂളുകള്‍ തുറന്നതിനാല്‍ മാഷ് പദ്ധതിയില്‍ കൂടുതല്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തും. ട്യൂഷന്‍ സൻെററുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ഥികളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാലയങ്ങളില്‍ പാലിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ ട്യൂഷന്‍ സൻെററുകളിലും പാലിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ട്യൂഷന്‍ സൻെററുകള്‍ അടച്ചുപൂട്ടുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. വിഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തില്‍ എ.ഡി.എം എന്‍. ദേവിദാസ്, ഐ.ഇ.സി കോഓഡിനേഷൻ കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, ജില്ല മാസ് മീഡിയ ഓഫിസർ അബ്​ദുല്ലത്തീഫ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ സയന, മാഷ് പദ്ധതി ജില്ല കോഓഡിനേറ്റർ ദിലീപ് കുമാർ, കോഓഡിനേറ്റർമാരായ പി.സി. വിദ്യ, കെ.ജി. മോഹനൻ, കേരള സാമൂഹിക സുരക്ഷ മിഷൻ ജില്ല കോഓഡിനേറ്റർ ജിഷോ ജെയിംസ്, ശുചിത്വ മിഷൻ അസി. കോഓഡിനേറ്റർ പ്രേമരാജൻ, ഐ.സി.ഡി.എസ് ഹെഡ് അക്കൗണ്ടൻറ്​ രജീഷ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.