ജലസമൃദ്ധിയുള്ള പുതുവർഷത്തെ വരവേൽക്കാൻ 'തടയണോത്സവം'

കാസർകോട്: ജില്ലയിലെ എല്ലാ നീർച്ചാലുകളിലും തടയണകൾ നിർമിച്ച് പരമാവധി ജലം സംരക്ഷിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെ, ഡിസംബർ 31 മുതൽ ജനുവരി ഒമ്പതുവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തടയണ ഉത്സവം നടത്തുന്നു. എല്ലാ നദികളിലും നീർച്ചാലുകളിലും സമ്പൂർണ ജലസംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് സ്ഥിര, അർധസ്ഥിര, താൽക്കാലിക തടയണകൾ നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വരൾച്ച ലഘൂകരണത്തിന് ബഹുമുഖ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന അവബോധം സൃഷ്​ടിക്കുന്നതിനായി കഴിഞ്ഞ വർഷം ഡിസംബർ 29 മുതൽ ജനുവരി നാലുവരെ നടത്തിയ തടയണോത്സവം ജലസംരക്ഷണത്തിന് തനത് കാസർകോടൻ മാതൃക സൃഷ്​ടിച്ചിരുന്നു. മൂന്നു വർഷം കൊണ്ട് 6500 തടയണകൾ നിർമിക്കും. ത്രിതല പഞ്ചായത്ത് ഫണ്ട്, എം.ജി.എൻ.ആർ.ഇ.ജി.എസ് ഫണ്ട്, കാസർകോട് വികസന പാക്കേജ് ഫണ്ട്, വകുപ്പുതല ഫണ്ട് തുടങ്ങിയ ഫണ്ടുകൾ ഇതിനായി വിനിയോഗിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജലസംരക്ഷണ യജ്ഞത്തി​ൻെറ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന തടയണോത്സവം ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പ്രാദേശികമായി ലഭിക്കുന്ന കാട്ടുകല്ല്, മുള, ഓല, മണ്ണ് നിറച്ച ചാക്ക് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുളള തടയണകളും കിണർ റിങ്, മെറ്റൽ ഷീറ്റ് എന്നിവ ഉപയോഗിച്ചുളള അർധസ്ഥിര തടയണകളും നൂതന സാങ്കേതിക വിദ്യയോടുകൂടി പ്രവർത്തിക്കുന്ന റബർ ഡാമുകൾ തുടങ്ങിയ സ്ഥിര സംവിധാനങ്ങളുടെ നിർമാണവും തടയണോത്സവം 2021ൽ ഉൾപ്പെടുത്തും. ജില്ലയിലെ വിവിധ നീർച്ചാലുകളിലും കൈത്തോടുകളിലുമായി പ്രാദേശികമായി ലഭ്യമായ വസ്തുക്കൾകൊണ്ട് 2000ത്തോളം തടയണകൾ നിർമിച്ച് ജലക്ഷാമം ഒരു പരിധിവരെ കുറക്കാൻ കഴിഞ്ഞ വർഷത്തെ തടയണോത്സവം കൊണ്ട് സാധിച്ചിരുന്നു. PRD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.