വലിയപറമ്പ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചു

തൃക്കരിപ്പൂർ: ഒരു സീറ്റി​ൻെറ ബലാബലത്തിൽ അധികാരം മാറിമറിയുന്ന രാഷ്​ട്രീയ ചരിത്രത്തിന് അർധവിരാമമിട്ടുകൊണ്ട് വലിയപറമ്പിൽ ചുവപ്പുരാശി. നാളിതുവരെ ചാഞ്ചാടിനിന്നിരുന്ന വലിയപറമ്പ വാർഡിൽ ആധികാരിക വിജയം നേടിയാണ് ഇക്കുറി എൽ.ഡി.എഫ് അധികാരമേറുന്നത്. ആകെയുള്ള 13 വാർഡിൽ ഏഴെണ്ണം സി.പി.എം നേടി. പിന്തുണയുള്ള സ്വതന്ത്രൻ അട്ടിമറി വിജയം നേടിയതോടെ അവരുടെ അംഗബലം എട്ടായി. യു.ഡി.എഫ് അഞ്ചുസീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. മുസ്‌ലിം ലീഗ് -മൂന്ന്​, കോൺഗ്രസ് -രണ്ട്​. കോൺഗ്രസി​ൻെറ വാർഡുകളായ അഞ്ചും ഏഴും മുസ്‌ലിം ലീഗി​ൻെറ പത്തും പിടിച്ചെടുത്താണ് സി.പി.എം ദ്വീപിൽ വെന്നിക്കൊടി നാട്ടിയത്. ഒരിയര വാർഡിൽ 23 വോട്ടിനാണ് കോൺഗ്രസ് രക്ഷപ്പെട്ടത്. തയ്യിൽ കടപ്പുറത്ത് ഭൂരിപക്ഷം 17 ആയി കുറഞ്ഞെങ്കിലും സി.പി.എം പിടിച്ചുനിന്നു. മാടക്കാൽ വാർഡിൽ യു.ഡി.എഫിലെ പ്രശ്​നങ്ങൾ പ്രതിഫലിച്ചില്ല. മുസ്‌ലിം ലീഗ് സ്ഥാനാർഥിയാണ് ഇവിടെ ജയിച്ചത്. സി.പി.എമ്മിനൊപ്പം ചേർന്ന മുൻ കോൺഗ്രസ് പഞ്ചായത്ത്​ അംഗം മത്സരിച്ച കന്നുവീട് കടപ്പുറത്ത് പുതുമുഖമായ ദേവരാജനാണ് 57 വോട്ടി​ൻെറ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഇവിടെ ബി.ജെ.പി നേടിയ 60 വോട്ടുകൾ നിർണായകമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 വോട്ടിന് കോൺഗ്രസ് വിജയിച്ച ഏഴാം വാർഡിൽ സി.പി.എം നേടിയ 56 വോട്ട് വിജയം നിർണായകമായി. മുൻ പഞ്ചായത്ത് പ്രസിഡൻറ്​ മത്സരിച്ച പട്ടേൽകടപ്പുറം വാർഡിലും കനത്ത മത്സരമായിരുന്നു. പടന്ന കടപ്പുറം വാർഡ് പ്രതീക്ഷിച്ചതുപോലെ സി.പി.എം നിലനിർത്തി. ഏവരും ഉറ്റുനോക്കിയ പത്താം വാർഡിലെ പോരാട്ടത്തിൽ കന്നിക്കാരനായ ഖാദർ പാണ്ട്യാല അട്ടിമറി വിജയം നേടി. ഭരണസമിതിക്ക് ആവശ്യമായ അംഗങ്ങളെ ലഭിച്ചില്ലെങ്കിൽ തുറുപ്പുചീട്ടാക്കാൻ സി.പി.എം പിന്തുണച്ച സ്ഥാനാർഥിയാണ് ഖാദർ. ജയിച്ചുവന്നാലും ഇടതുഭരണത്തെ പിന്തുണക്കുന്ന നിലപാട് ഖാദർ സ്വീകരിക്കില്ലെന്നാണ് ഖാദറിനെ പിന്തുണക്കുന്നവരുടെ പ്രതീക്ഷ. ഏഴ് സീറ്റ് സ്വന്തം നിലക്ക് ലഭിച്ച സാഹചര്യത്തിൽ സി.പി.എമ്മിന് ഭരണത്തിലേറാൻ സ്വതന്ത്ര​ൻെറ പിന്തുണ പോലും ആവശ്യമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.