വോർക്കാടി പഞ്ചായത്ത്: സ്വതന്ത്രരാണിവിടെ താരം

മഞ്ചേശ്വരം: വടക്ക്, കിഴക്ക്, പടിഞ്ഞാർ പ്രദേശങ്ങൾ കർണാടകയുമായും തെക്ക് പൈവളിഗെ- മീഞ്ച-മഞ്ചേശ്വരം പഞ്ചായത്തുകളുമായും അതിർത്തി പങ്കിടുന്ന വോർക്കാടി പഞ്ചായത്തിൽ 98 ശതമാനംപേരും മലയാളം ഭാഷയെ ഉപേക്ഷിച്ച്​ കന്നഡ, തുളു ഭാഷകളെയാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. മലയാളം പഠനത്തിന് ഒരു സർക്കാർ-സ്വകാര്യ സ്‌കൂളുകളും ഇല്ലാത്ത സംസ്ഥാനത്തെ അപൂർവ പഞ്ചായത്ത് കൂടിയാണ് വോർക്കാടി. എന്നാലും, രാഷ്​ട്രീയ ഗതിക്ക് എന്നും കേരള ചായ്‌വാണുള്ളത്. ഇടതുപക്ഷവും യു.ഡി.എഫുമാണ് ഇവിടെ ഭരണം കൈയാളിയിട്ടുള്ളത്. ദീർഘകാലം ഇടതി​ൻെറ ശക്​തികേന്ദ്രമായ ഇവിടെ കഴിഞ്ഞ 15 വർഷമായി യു.ഡി.എഫാണ് ഭരിച്ചുവരുന്നത്. സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള ഈ പഞ്ചായത്തിൽ ശക്​തമായ വിഭാഗീയ പ്രവർത്തനമാണ് ഭരണം എല്ലാ തവണയും നഷ്​ടപ്പെടാൻ ഇടയാക്കുന്നത്. ഈ വിഭാഗീയത വേണ്ടരീതിയിൽ ഉപയോഗിക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് കഴിയുന്നതാണ് യു.ഡി.എഫിന് ഭരണം നിലനിർത്താൻ സാധിക്കുന്നതുതന്നെ. സ്വതന്ത്രർ നേടുന്ന സീറ്റുകളാണ് കഴിഞ്ഞ കാലങ്ങളിൽ ഭരണം നിശ്ചയിക്കുന്നതിൽ പ്രധാന ഘടകമാവുന്നത്. കഴിഞ്ഞ തവണ സ്വതന്ത്രനെ ബി.ജെ.പിയും സി.പി.എമ്മും പിന്തുണച്ചതിനെതുടര്‍ന്ന് സ്വതന്ത്ര സ്​ഥാനാർഥി ഗോപാലക്കും യു.ഡി.എഫ് സ്ഥാനാർഥി മുസ്​ലിം ലീഗിലെ ബി.എ. അബ്​ദുല്‍ മജീദിനും തുല്യവോട്ട് ലഭിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെ ബി.എ. അബ്​ദുല്‍ മജീദ് പ്രസിഡൻറയി തെരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും ഏഴ് വീതം വോട്ടാണ് ലഭിച്ചത്. തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. 16 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫിന് നാലും ബി.ജെ. പിക്ക് മൂന്നും സീറ്റാണുള്ളത്. രണ്ട് സ്വതന്ത്രരും ഭരണ സമിതിയിലുണ്ട്. ഇവരില്‍ സ്വതന്ത്രന്‍ ഗോപാല പ്രസിഡൻറ്​ സ്​ഥാനത്തേക്ക് മത്സരിക്കുകയായിരുന്നു. ഇത്തവണയും ശക്​തരായ സ്വതന്ത്രർ രംഗത്തുണ്ട്. ബോർക്കള (10), കോടലമോഗരു (12), ധർമനഗർ (13) എന്നിവിടങ്ങളിൽ സ്വതന്ത്രർക്കാണ് മുൻതൂക്കം. യു.ഡി.എഫിൽ മാണി കോൺഗ്രസിന് ഉണ്ടായിരുന്ന ഒരു സീറ്റിൽ അവർ തന്നെ മത്സരിക്കുന്നുണ്ട്. ചിഹ്നമായി രണ്ടില ലഭിക്കാത്തതിനാൽ സ്വതന്ത്രയായാണ് മത്സരിക്കുന്നതെന്നു മാത്രം. വിസ്തീർണം: 45.4 ചതുരശ്ര കിലോമീറ്റർ ജനസംഖ്യ: 20,821 പുരുഷന്മാർ: 10,412 സ്ത്രീകൾ 10,409 രൂപവത്​കൃതം: 1954 വാർഡുകൾ: 16 മുസ്​ലിം ലീഗ്: 4 കോൺഗ്രസ്: 2 കേരള കോൺഗ്രസ്​ എം: 1 സി.പി.എം: 3 സി.പി.ഐ: 1 ബി.ജെ.പി: 3 സ്വതന്ത്രർ: 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.