കോവിഡ്: സ്ഥാനാര്‍ഥികള്‍ക്ക് ആരോഗ്യ വകുപ്പി​െൻറ പരിശീലനം

കോവിഡ്: സ്ഥാനാര്‍ഥികള്‍ക്ക് ആരോഗ്യ വകുപ്പി​ൻെറ പരിശീലനം കാസർകോട്​: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് കുമ്പള ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികള്‍ക്ക് സി.എച്ച്‌.സിയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നടത്തി. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്ന എസ്.എം.എസ് പാലിച്ചുകൊണ്ടുള്ള പ്രചാരണം നടത്തുന്നതിന് വേണ്ടിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. 69 സ്ഥാനാർഥികളില്‍ 55 പേര്‍ രണ്ട് ബാച്ചുകളിലായി പങ്കെടുത്തു. കോവിഡ് ബാധിതരുള്ള വീടുകളിലും ക്വാറൻറീനിലുള്ളവരുടെ വീടുകളിലും പ്രചാരണത്തിനായി സ്ഥാനാർഥികളും സംഘവും പോകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥാനാർഥികളെ ഓര്‍മിപ്പിച്ചു. ഹൈറിസ്‌ക് വിഭാഗത്തിൽപെട്ട 60 വയസ്സിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, മാരക രോഗങ്ങള്‍ ബാധിച്ചവര്‍, പാലിയേറ്റിവ് രോഗികള്‍ എന്നിവരെ സമ്പര്‍ക്കത്തില്‍ നിന്നും ഒഴിവാക്കണം. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നും മാറി നില്‍ക്കുകയും കോവിഡ് പരിശോധനക്ക്​ വിധേയരാവുകയും വേണം. സ്ഥാനാർഥികള്‍ കോവിഡ് പോസിറ്റിവ്​ ആയാല്‍ പ്രചാരണത്തില്‍ നിന്നും മാറിനിന്ന് ക്വാറൻറീനില്‍ പ്രവേശിക്കണം. പരിശോധന ഫലം നെഗറ്റിവ് ആയതിനുശേഷം ആരോഗ്യ വകുപ്പി​ൻെറ നിർദേശാനുസരണം മാത്രമേ തുടര്‍ പ്രവര്‍ത്തനം പാടുള്ളൂ. ആലിംഗനം, ഹസ്തദാനം, ദേഹത്ത് സ്പര്‍ശിക്കുക, അനുഗ്രഹം വാങ്ങുക, കുട്ടികളെ എടുക്കുക എന്നിവ ചെയ്യരുത്. പ്രചാരണത്തില്‍ നോട്ടീസുകള്‍, ലഘുലേഖകള്‍ എന്നിവ പരിമിതപ്പെടുത്തി സമൂഹ മാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും പരിശീലനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് അസിസ്​റ്റൻറ്​ സെക്രട്ടറി പി.ടി. ദീപേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് ക്ലാസെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുര്യാക്കോസ് ഈപ്പന്‍, ജൂനിയർ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരീഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.