ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം - എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: കോവിഡി​ൻെറ പേരിൽ പാവപ്പെട്ടവർക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ആറു മാസമായി കോവിഡ് കാസർകോടിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എന്നിട്ടും വരാനിരിക്കുന്ന ഭവിഷ്യത്തുകളെ മുൻകൂട്ടി കാണാനോ മുൻകരുതൽ നടപടികൾ സ്വീകരിക്കാനോ അധികാരികൾക്കു കഴിഞ്ഞില്ല. കോവിഡ് പിടിപെട്ട് ഒരോ ദിവസവും നിരവധി പേർ മരിച്ചുവീഴുമ്പോഴാണ് ഉന്നതങ്ങളിലിരിക്കുന്നവർക്ക് ബോധോദയം വന്നത്. കോവിഡ് ബാധിച്ചവരുടെ നില സങ്കീർണമായാൽ എന്തൊക്കെ സംവിധാനം വേണമെന്ന സാമാന്യധാരണ പോലും ബന്ധപ്പെട്ടവർക്കില്ലാതെ പോയതി​ൻെറ ദുരന്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. കാസർകോട് മറ്റൊരു ഇറ്റലിയായി തീരാൻ അധികാരികൾ കാത്തിരുന്നത് കടുത്ത ക്രൂരതയാണ്. കാലേക്കൂട്ടി കോവിഡ് ചികിത്സക്കുള്ള സംവിധാനം ഏർപ്പെടുത്താതെ തുഗ്ലക്ക് ആശയം നടപ്പാക്കുന്നതുപോലെ സാധാരണക്കാരുടെ അഭയകേന്ദ്രങ്ങളായ സർക്കാർ ആശുപത്രികളെ കോവിഡാശുപത്രികളാക്കി മാറ്റുന്നത് ജില്ലയിലെ മുഴുവൻ ജനങ്ങളെയും ക്രൂശിക്കുന്നതിന് തുല്യമാണ്. ടാറ്റ ഗ്രൂപ് നിർമിച്ച്​ നൽകിയ 550 കിടക്കകളുള്ള കോവിഡ് ആശുപത്രിയുടെ താക്കോൽ ജില്ല കലക്ടറുടെ കൈവശമുണ്ടെന്ന കാര്യം ഇടക്ക് ഓർമിക്കുന്നത് നന്നായിരിക്കുമെന്നും എൻ.എ. നെല്ലിക്കുന്ന് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.