ഫാഷൻ ഗോൾഡ് തട്ടിപ്പ്: പരാതികൾ തുടരുന്നു

ചെറുവത്തൂർ: മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പരാതികൾ ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം ഏഴ് കേസുകൾ കൂടിയെടുത്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 63 ആയി. നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എം.എൽ.എക്കെതിരെ ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. നേരത്തെ എം.എൽ.എയുടെ എടച്ചാക്കൈയിലെയും മാനേജിങ്​ ഡയറക്ടറായ ടി.കെ. പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലും പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി വിലയിരുത്താന്‍ സംസ്​ഥാന ക്രൈംബ്രാഞ്ച് സംഘം കാസര്‍കോട്ടെത്തി. എസ്.പി കെ. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്​ഥരാണ് കാസര്‍കോട്ടെത്തിയത്. ഡിവൈ.എസ്.പി പി.കെ. സുധാകരന്‍, സി.ഐമാരായ സി.എ. അബ്​ദുല്‍റഹീം, ടി.കെ. മാത്യു, ടി. മധുസൂദനന്‍നായര്‍ എന്നിവരോട് എസ്.പി അന്വേഷണത്തി​ൻെറ ഇതുവരെയുള്ള വിവരങ്ങള്‍ ആരാഞ്ഞു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. സുധാകര​ൻെറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് അന്വേഷണമാരംഭിച്ചത്. പരാതിക്കാരുടെ മൊഴികളെല്ലാം അന്വേഷണസംഘം രേഖപ്പെടുത്തിവരുകയാണ്. ഇത് പൂര്‍ത്തിയായാലുടന്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയെയും ടി.കെ. പൂക്കോയ തങ്ങളെയും ചോദ്യം ചെയ്തേക്കും. ഇതിനിടെ തട്ടിപ്പിനിരയായ കൂടുതല്‍ നിക്ഷേപകര്‍ കൂടി പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ചന്തേരയില്‍ 41 പരാതികളിൽ കേസെടുത്തിട്ടുണ്ട്. കാസര്‍കോട്ടും പയ്യന്നൂരും കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ്​ കോടതിയില്‍ രണ്ട് പരാതികളും ലഭിച്ചു. പൊലീസ് കൈമാറിയ പതിമൂന്ന് പരാതികളിലാണ് നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറും. ഡി.വൈ.എഫ്.ഐ മാർച്ച് ചെറുവത്തൂർ:ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുകേസ്, വഖഫ് ഭൂമി ഇടപാട് തുടങ്ങിയ കേസുകളിൽ ആരോപണവിധേയനായ എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച മാർച്ച് നടത്തും. പടന്ന എടച്ചാക്കൈയിലുള്ള എം.സി. ഖമറുദ്ദീൻ എം.എൽ.എയുടെ വീട്ടിലേക്കാണ് മാർച്ച് നടത്തുക. രാവിലെ 9.30ന് പടന്നയിൽനിന്നും ആരംഭിക്കുന്ന മാർച്ച്‌ ജില്ല പഞ്ചായത്ത് അംഗം ഡോ.വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.