ഹമീദിന് ക്വാറൻറീൻ സൗകര്യമൊരുക്കി സഹപാഠികൾ

പടന്ന: ആരോഗ്യ വകുപ്പ് ക്വാറൻറീൻ സൗകര്യം ഒഴിവാക്കിയതിനാൽ പത്ത് ദിവസത്തെ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് ഇനി എവിടെപ്പോകണം എന്നറിയാതെ വിഷമാവസ്ഥയിലായ നഴ്സിങ് അസിസ്​റ്റൻറ്​ പടന്നയിലെ കെ.അബ്​ദുൽ ഹമീദിന് ക്വാറൻറീൻ സൗകര്യമൊരുക്കി സഹപാഠികൾ. മാത്തിൽ ഗവ. ഹൈസ്കൂൾ 1982 ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മയാണ് തങ്ങളുടെ സഹപാഠിയായ ഹമീദിന് പയ്യന്നൂരിൽ ക്വാറൻറീൻ സൗകര്യം ഒരുക്കിയത്. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്​റ്റൻറായ ഹമീദ് ഈ മാസം രണ്ടിനാണ് കണ്ണൂർ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ ജോലിക്ക് കയറിയത്. ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്)​ൻെറ പുതിയ കണ്ടെത്തൽ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നവർക്ക് ക്വാറൻറീൻ ആവശ്യമില്ലെന്ന നിലപാട് ആരോഗ്യ വകുപ്പ് എടുത്തതുമൂലം പത്ത് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുതന്നെ ആരോഗ്യ പ്രവർത്തകർ മടങ്ങണം. എന്നാൽ, വീട്ടിൽ രോഗിയായ ഭാര്യയും പ്രായമായ ഉമ്മയുമുള്ളതിനാൽ സാഹസത്തിന് മുതിരാൻ ഹമീദ് തയാറല്ലായിരുന്നു. തുടർന്ന് പ്രയാസം വാട്സ് ആപ് ഗ്രൂപ്പിൽ പങ്കുവെച്ചപ്പോഴാണ് കോവിഡ് മേഖലയിൽ സേവനം ചെയ്യുന്ന സുഹൃത്തിനെ സഹായിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് തിരിച്ചറിഞ്ഞ് സുഹൃത്തുക്കൾ മുന്നോട്ടുവന്നത്. ആദ്യഘട്ടത്തിൽ 14 ദിവസത്തെ ജോലി കഴിഞ്ഞ് ഇറങ്ങുന്നവർക്ക് സർക്കാർ തന്നെ 14 ദിവസത്തെ ക്വാറൻറീൻ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, എട്ടാമത് ബാച്ച് ഡ്യൂട്ടിക്ക് കയറിയപ്പോഴാണ് ആരോഗ്യ വകുപ്പ് ഡ്യൂട്ടി 10 ദിവസമാക്കിയതും ക്വാറൻറീൻ സൗകര്യം എടുത്തുകളഞ്ഞതും. ആരോഗ്യ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വിഷയത്തിൽ ഇടപെട്ട കണ്ണൂർ കലക്ടർ പുതുതായി ജോലിക്ക് കയറിയ സംഘത്തിന് ക്വാറൻറീൻ സൗകര്യം ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പയ്യന്നൂർ കാങ്കോൽ സ്വദേശിയായ ഹമീദ് കല്യാണം കഴിച്ച് പടന്നയിലാണ് താമസം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.