ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍

കാസർകോട്​: 20 രൂപക്ക് ഭക്ഷണം നല്‍കി സാധാരണക്കാര​ൻെറ വിശപ്പകറ്റാന്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 12 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍. ഒരു ദിവസം ശരാശരി 150 പേര്‍ക്കുള്ള ഭക്ഷണമാണ് 20 രൂപ നിരക്കില്‍ ഓരോ ഹോട്ടലിലും വിതരണം ചെയ്യുന്നത്. സര്‍ക്കാറി​ൻെറ സ്വപ്ന പദ്ധതികളില്‍ ഒന്നായ ജനകീയ ഹോട്ടല്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച് മൂന്നുമാസം പിന്നിടുമ്പോള്‍ ജനകീയ പിന്തുണ ഏറുകയാണ്. ജില്ലയിലെ ആദ്യ ജനകീയ ഹോട്ടല്‍ ഏപ്രില്‍ ഏഴിന് തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ തുറന്നു. ശേഷം ഇതുവരെ വിവിധ പഞ്ചായത്തുകളിലായി 12 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. പകല്‍ 12 മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള സമയത്താണ് ഊണ്‍ ലഭിക്കുക. ചോറ്, ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ എന്നിവയടങ്ങിയ മികച്ച ഭക്ഷണമാണ് ലഭിക്കുക. ഊണിനോടൊപ്പം കൂടുതലായി നല്‍കുന്ന മീന്‍ വറുത്തത്, ഓംലറ്റ് എന്നിവക്ക് സാധാരണ നിരക്ക് ഈടാക്കും. 20 രൂപക്ക് ഊണ്‍ നല്‍കുന്നതോടൊപ്പം പ്രാതല്‍, അത്താഴം എന്നിവയും ഹോട്ടലുകളില്‍ ലഭിക്കും. പ്രാതലിനും അത്താഴത്തിനും സാധാരണ വിലയാണ് ഈടാക്കി വരുന്നത്. ഓരോ ഊണിനും 10 രൂപ നിരക്കില്‍ ഹോട്ടല്‍ സംരംഭകര്‍ക്ക് കുടുംബശ്രീ ജില്ല മിഷനില്‍ നിന്നും ലഭിക്കും. ഹോട്ടലിലേക്ക് ആവശ്യമായ അരി സിവില്‍ സപ്ലൈസില്‍നിന്നും കിലോക്ക് 10 രൂപ 90 പൈസ നിരക്കില്‍ ഒരുമാസം ആറ് ക്വിൻറൽ വരെ ഹോട്ടല്‍ സംരംഭകര്‍ക്ക് ലഭിക്കുന്നു. മറ്റു ധാന്യങ്ങള്‍ ഹോള്‍സെയ്ല്‍ നിരക്കിലും ലഭിക്കുന്നു. ഹോട്ടലിലേക്ക് ആവശ്യമായ വെള്ളം, വൈദ്യുതി, കെട്ടിടം സൗകര്യങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്തുവരുന്നു. ജില്ല മിഷന്‍ റിവോള്‍വിങ് ഫണ്ടില്‍ നിന്നും ഹോട്ടലിലേക്ക് ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ വാങ്ങിക്കാനുള്ള പണം അനുവദിക്കുന്നുണ്ട്. ഓരോ ഹോട്ടലിലും ചുരുങ്ങിയത് മൂന്നുപേരാണ് പ്രവര്‍ത്തിച്ചുവരുന്നത്. പദ്ധതി പ്രകാരം 10 പേര്‍ക്കു വരെ ഒരു ഹോട്ടലില്‍ പ്രവര്‍ത്തിക്കാം. ജില്ലയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് അധികം വൈകാതെത്തന്നെ ജനകീയ അടുക്കളകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.