മെയ് ദിനത്തിൽ ന്യൂമാഹി എം.മുകുന്ദൻ പാർക്ക് തുറക്കും

മാഹി: ജില്ലാ പഞ്ചായത്ത് ന്യൂമാഹിയിൽ കുട്ടികൾക്കും വയോജനങ്ങൾക്കുമായി നിർമ്മിച്ച എം.മുകുന്ദൻ പാർക്ക് മെയ് ദിനത്തിൽ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അറിയിച്ചു. ജനങ്ങൾക്ക് എളുപ്പം എത്തിച്ചേരാവുന്ന പാർക്കിൽ വലിയ ടൂറിസം സാധ്യതകളാണുള്ളത്. വൈകിട്ട് അഞ്ചിനാണ് പാർക്ക് തുറന്ന് കൊടുക്കുക. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. മലബാർ ടൂറിസം ഡവലപ്മെന്‍റ് (എം.ടി.ഡി.സി) നാണ് പാർക്കിന്‍റെ നടത്തിപ്പ് ചുമതല.

പറശ്ശിനിക്കടവ് വിസ്മയ പാർക്ക് സംരഭകരായ എം.ടി.ഡി.സിയുടെ രണ്ടാമത്തെ സംരംഭമാണ് ന്യൂ മാഹി എം.മുകുന്ദൻ പാർക്ക്. 2020 നവമ്പറിൽ നിർമ്മാണം പൂർത്തിയാക്കി പാർക്ക് ഉദ്ഘാടനം ചെയ്തെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പാർക്ക് അടച്ചിടുകയായിരുന്നു. 2021 നവംബറിൽ പാർക്ക് തുറക്കാൻ തീരുമാനിച്ചെങ്കിലും പാർക്കിന്‍റെ നടത്തിപ്പ് ഏറ്റെടുത്ത ന്യൂമാഹിയിലെ സ്ഥാപനത്തെ മാറ്റേണ്ടി വന്നതിനാൽ പാർക്ക് തുറക്കുന്നത് വൈകി. തുടർന്ന് എം.ടി.ഡി.സിയുമായി ജില്ലാ പഞ്ചായത്ത് കരാറുണ്ടാക്കി.

പെരിങ്ങാടിയിൽ ന്യൂമാഹി പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് കിടക്കുന്ന മാഹിപുഴയോരത്തെ ജില്ലാ പഞ്ചായത്തിന്‍റെ 1.12 ഹെക്ടർ സ്ഥലത്താണ് പാർക്ക് നിർമ്മിച്ചിട്ടുള്ളത്. മയ്യഴിപ്പുഴയുടെ തീരങ്ങളുടെ കഥാകാരൻ എം.മുകുന്ദനോടുള്ള ആദരസൂചകമായാണ് പാർക്കിന് അദ്ദേഹത്തിന്‍റെ പേര് നൽകിയത്. 2008ല്‍ ജില്ലാ പഞ്ചായത്ത് പാര്‍ക്കിന് വേണ്ടി സ്ഥലമേറ്റെടുക്കുകയും 2010ല്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുകയും ചെയ്തു. 2018 ലാണ് പാര്‍ക്കിന്‍റെ പ്രവൃത്തി തുടങ്ങിയത്. നിര്‍മ്മിതി കേന്ദ്രമാണ് പാര്‍ക്ക് നിര്‍മ്മിച്ചത്. കോഴിക്കോട്ടെ ശില്പി ബാലന്‍ താനൂരാണ് പാർക്കിന്‍റെ മനോഹരമായ പ്രവേശന കവാടം ഉള്‍പ്പെടെയുള്ള പാര്‍ക്ക് രൂപകല്പന ചെയ്തത്.

പാർക്കിന് സമീപം പഞ്ചായത്ത് കാര്യാലയത്തിന് പിറകിൽ മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായുള്ള ബോട്ട് ജെട്ടിയും നിർമ്മിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിന്റെ വലത് ഭാഗത്താണ് കുട്ടികളുടെ പാര്‍ക്ക്. ഓപ്പണ്‍ സ്റ്റേജ്, പ്രകൃതിദത്തമായ ശിലകൾ കൊണ്ടുള്ള ശില്പങ്ങൾ, വിശാലമായ കളിസ്ഥലങ്ങള്‍, കളിയുപകരണങ്ങള്‍, 25 പേര്‍ക്കിരിക്കാവുന്ന മൂന്ന് പവലിയനുകള്‍, പുന്തോട്ടം, നടപ്പാതകള്‍, ചെറിയ കുളം, പാര്‍ക്കിന് കുറകെയുള്ള തോടിന് മുകളില്‍ മൂന്നിടത്ത് മേല്‍പ്പാലങ്ങള്‍, മരച്ചോട്ടില്‍ ഒരുക്കിയ ഇരിപ്പിടങ്ങള്‍, വിശ്രമിക്കാനുള്ള മൂന്ന് കുടിലുകള്‍, കാന്റീന്‍ സൗകര്യം, കുടിവെള്ളം, വൈദ്യുതി വിളക്കുകള്‍, ശൗചാലയങ്ങള്‍ എന്നിവയാണ് പാര്‍ക്കിലുള്ളത്.

ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാതെയാണ് പാർക്ക് നിർമ്മിച്ചിട്ടുള്ളത്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പ്രവേശന ഫീസിൽ ഇളവ് ലഭിക്കും. മെയ് ഒന്നിന് പ്രവേശനം സൗജന്യമായിട്ടായിരിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഗസൽ സന്ധ്യയും ഉണ്ടാവും. caption : ന്യൂമാഹി പെരിങ്ങാടിയിലെ എം. മുകുന്ദൻ പാർക്കിൻ്റെ പ്രവേശന കവാടം

Tags:    
News Summary - M.mukundan park will begin functioning from may 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.