മാഹി ജനതയെ അപമാനിച്ച പി.സി. ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കും -രമേശ് പറമ്പത്ത്

മാഹി: പി.സി.ജോർജ്ജിനെപ്പോലുള്ളവരെ പൊതു സമൂഹത്തിൽ നിന്ന് അകറ്റി നിർത്തണമെന്ന് മാഹി എം.എൽ.എ രമേശ് പറമ്പത്ത്.മഹത്തായ സാംസ്കാരിക പൈതൃകവും വികസന വഴിയിൽ ഏറെ മുന്നിൽ നിൽക്കുന്നതുമായ മാഹിയെ വികലമായി ചിത്രീകരിച്ച് മാഹി ജനതയെ മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച ബി.ജെ.പി. നേതാവ് പി.സി.ജോർജ് കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും എം.എൽ എ പറഞ്ഞു.

നാവിൽ വരുന്നതെന്തും പുലമ്പുന്ന പി.സി.ജോർജ് മാഹിയിലെ സ്ത്രീ സമൂഹത്തെയടക്കമുള്ള ജനങ്ങളെയാകെ അപമാനിച്ചിരിക്കയാണ്. ഈ കാര്യത്തിൽ ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ജനങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം.

മാഹി വേശ്യകളുടെ കേന്ദ്രമാണെന്നും രാത്രികാലങ്ങളിൽ ഇതു വഴി യാത്ര ചെയ്യാനാവില്ലെന്നും ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണിതെന്നുമാണ് പി.സി.ജോർജ്ജ് പ്രസംഗിച്ചത്. സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരും കലാ-സാംസ്കാരിക -സാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠ നേടിയവരുമായ വനിതകൾ മാഹിയിലുണ്ടെന്നും ഫ്രഞ്ച് ഭരണകാലത്തു തന്നെ വിദ്യാസമ്പന്നരായിരുന്നു മാഹിയിലെ സ്ത്രീകളടക്കമുള്ളവരെന്നും ചരിത്രത്തിൽ കണ്ണോടിച്ചാൽ വായിക്കാൻ പി.സി.ജോർജിന് കഴിയേണ്ടതാണ്.

സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് എം.എൽ.എ പറഞ്ഞു. ബ്ലോക്ക് ഭാരവാഹികളായ കെ.മോഹനൻ, നളിനി ചാത്തു, പി.പി.വിനോദ്, പി.ടി.സി.ശോഭ, പി.പി.ആശാലത,കെ.പി.രജിലേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Legal action will be taken against PC George: Ramesh Parampath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.