150 പേർ കോൺഗ്രസ്​ വിട്ട്​ കേരള കോൺഗ്രസ്​ ജോസ് കെ. മാണി വിഭാഗത്തിലേക്ക്​

ശ്രീകണ്ഠപുരം: കോൺഗ്രസിലെ ഗ്രൂപ്പുകളിയും തമ്മിലടിയും മടുത്ത് ചെമ്പന്തൊട്ടി മേഖലയിൽനിന്ന്​ 150 പേർ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിൽ ചേരാൻ തീരുമാനിച്ചതായി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏറെക്കാലമായി കോൺഗ്രസ് ഭാരവാഹികളും പ്രവർത്തകരുമായിരുന്നവരാണ് പാർട്ടി വിടുന്നത്​. ഇരിക്കൂർ മണ്ഡലത്തിലെ കോൺഗ്രസ്​ കോട്ടകളായ ചെമ്പന്തൊട്ടി, നിടിയേങ്ങ മേഖലയിലുള്ളവരാണ് ഇവർ. നഗരസഭയിലെ ഒന്നുമുതൽ അഞ്ചുവരെ വാർഡുകളിൽ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതരായി മത്സരിച്ചവരും അവരെ പിന്തുണച്ചവരുമാണ് ഷാജി കുര്യൻ, ജോർജ് വട്ടനിരപ്പേൽ, ബാബു തയ്യിൽ എന്നിവരുടെ നേതൃത്വത്തിൽ കേരള കോൺഗ്രസിൽ ചേരുന്നത്. നാലിന് വൈകീട്ട് നാലിന് ചെമ്പന്തൊട്ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ പൊതുസമ്മേളനവും അംഗത്വ വിതരണവും പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡൻറ്​ ബിജു കൈച്ചിറമറ്റം അധ്യക്ഷത വഹിക്കും. സംസ്ഥാന ജന. സെക്രട്ടറി പി.ടി. ജോസ് മുഖ്യപ്രഭാഷണം നടത്തും. കർഷകർക്കൊപ്പമാണ് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം പാർട്ടി നിലകൊള്ളുന്നതെന്നതിനാൽ നിരവധിപേർ തങ്ങളുടെ പാർട്ടിയിലേക്ക് വരാൻ സന്നദ്ധതയറിയിച്ചിട്ടുണ്ടെന്നും ഇരിക്കൂറിനെ മറ്റൊരു പാല മണ്ഡലമാക്കുന്നതി​ൻെറ തുടക്കമാണിതെന്നും മണ്ഡലം പ്രസിഡൻറ്​ ബിജു കൈച്ചിറമറ്റം, ജില്ല സെക്രട്ടറി വി.വി. സേവി, യൂത്ത്ഫ്രണ്ട് ജില്ല പ്രസിഡൻറ്​ ബിനു ഇലവുങ്കൽ, സണ്ണി മുക്കുഴി, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.