ഗർഭാശയഗള കാൻസറിനെ 2030 ഓടെ നിർമാർജനം ചെയ്യാൻ പദ്ധതി നടപ്പാക്കുന്നു

കണ്ണൂർ: ഗർഭാശയഗള കാൻസറിനെ 2030ഒാടെ ഭൂമുഖത്തുനിന്ന്​ തുടച്ചു നീക്കാൻ ലോകാരോഗ്യ സംഘടന ബൃഹത്​പദ്ധതി നടപ്പാക്കുന്നു. ആഗോളതലത്തിൽ ചൊവ്വാഴ്​ച മഹായജ്ഞത്തിനു തുടക്കം കുറിക്കും​. ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ഹ്യൂമൺ പാപ്പിലോമ വൈറസ്​ വാക്സിൻ പെൺകുട്ടികളിൽ കുത്തിവെപ്പ് നടത്തിയും ഗർഭശയഗള കാൻസർ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വ്യാപകമാക്കിയും മറ്റ് പ്രതിരോധ മാർഗങ്ങൾ വഴിയും നിർമാർജനം ചെയ്യാനാണ് സംഘടന ലക്ഷ്യമിടുന്നത്. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയും ലോകാരോഗ്യ സംഘടന തുടക്കം കുറിക്കുന്ന പദ്ധതിയിൽ പങ്കുചേരും. ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം സ്​ത്രീകളെയാണ് ഗർഭശയഗള കാൻസർ ബാധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നത്​. ഇതിൽ 60,000 മരണങ്ങളും ഉണ്ടാകുന്നു. ഹ്യൂമൺ പാപ്പിലോമ വൈറസ്​ വാക്സിൻ പെൺകുട്ടികൾ പ്രായമറിയിക്കുന്നതിനു മുമ്പ്​ കുത്തിവെച്ചാൽ രോഗത്തെ പ്രതിരോധിക്കാം. ഇത്തരത്തിൽ പൂർണ നിവാരണം ഗർഭശയഗള കാൻസറിന് സാധ്യമാണെന്ന്​ മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ്​ ഡി. കൃഷ്​ണനാഥ പൈ പറഞ്ഞു. 2030 ഓടെ 90 ശതമാനം പെൺകുട്ടികളെയും വാക്സിനേറ്റ് ചെയ്യുകയും 70 ശതമാനം സ്​ത്രീകളെ സ്​ക്രീനിങ്​ പരിശോധനക്ക്​ വിധേയമാക്കുകയും 90 ശതമാനം പേർക്ക് ഗർഭശയഗള കാൻസർ ചികിത്സക്ക്​ സൗകര്യമൊരുക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പുരാതന സ്​മാരകങ്ങൾ കേന്ദ്രീകരിച്ചും മറ്റും ആഗോളതലത്തിൽ നടത്തുന്ന പരിപാടികളിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയും ഭാഗമാകും. ചൊവ്വാഴ്​ച വൈകീട്ട് 5.30ന് തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവിൽ എം.സി.സി.എസ്​ വൈസ്​ പ്രസിഡൻറ് മേജർ പി. ഗോവിന്ദ​ൻെറ നേതൃത്വത്തിലും കണ്ണൂരിൽ ജില്ല വുമൺ പൊലീസ്​ സെല്ലിൽ എം.സി.സി.എസ്​ പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈയുടെ നേതൃത്വത്തിലും പയ്യന്നൂരിൽ ഉളിയത്ത് കടവ് ഉപ്പ് സത്യഗ്രഹ മണ്ഡപത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്ര​ൻെറ നേതൃത്വത്തിലും പരിപാടിക്ക്​ തുടക്കം കുറിക്കും. രാത്രി 7.30 മുതൽ 9.30 വരെ ജില്ല വുമൺ പൊലീസ്​ സെല്ലി​ൻെറയും കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ വനിത പൊലീസ്​ ഓഫിസർമാർക്കും സേനാംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി കാൻസർ ബോധവത്​കരണ ക്ലാസ്​ ഗൂഗ്​ൾ മീറ്റ് വഴി നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.