ചെറുതാഴം, മാടായി, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ 129 കോടിയുടെ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി

ജലജീവൻ മിഷൻ പദ്ധതി, കിഫ്ബി എന്നിവ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത് പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടാത്ത ചെറുതാഴം, മാടായി, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിക്കുന്നതിന് 129 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. ജലജീവൻ മിഷൻ പദ്ധതി, കിഫ്ബി എന്നിവ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ടി.വി. രാജേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ചെറുതാഴം ഗ്രാമപഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് ശ്രീസ്ഥയിൽ എട്ടര ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കി​ൻെറയും പടിക്കപ്പാറയിൽ നാലര ലക്ഷം ലിറ്റർ ടാങ്കി​ൻെറയും കുഞ്ഞിമംഗലം പഞ്ചായത്തിലേക്ക് പയ്യന്നൂർ കോളജിന്​ സമീപം നിർമിക്കുന്ന എട്ടര ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കി​ൻെറയും പ്രവൃത്തി പുരോഗമിക്കുന്നുണ്ട്​. പദ്ധതിക്ക് 57 കോടി രൂപയാണ് കിഫ്‌ബി മുഖേന അനുവദിച്ചത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കുറുമാത്തൂർ കൂനം ടാങ്കി​ൻെറ മുഖ്യ പൈപ്പ് ലൈനിൽനിന്ന്​ വെള്ളം എത്തിക്കുന്ന പ്രവൃത്തി 70 ശതമാനം പൂർത്തിയായി. ചെറുതാഴം, മാടായി, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും ഗാർഹിക കുടിവെള്ള കണക്​ഷൻ നൽകുന്നതിന് 72.12 കോടി രൂപയുടെ ജലജീവൻ മിഷൻ പദ്ധതിക്കാണ് ഭരണാനുമതിയായത്. മാടായി പഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി പുതുതായി ഗാർഹിക കുടിവെള്ള കണക്​ഷൻ സ്ഥാപിക്കുന്നതിന് 63 കി.മീ പൈപ്പ് ലൈൻ സ്ഥാപിക്കും. ഇതിനായി 21.92 കോടിയും അനുവദിച്ചു. ചെറുതാഴം പഞ്ചായത്തിൽ 173 കി.മീ പൈപ്പ് ലൈൻ പുതുതായി സ്ഥാപിക്കുന്നതിന് 31.20 കോടിയും കുഞ്ഞിമംഗലം പഞ്ചായത്തിൽ ഗാർഹിക കുടിവെള്ള കണക്​ഷൻ സ്ഥാപിക്കുന്നതിന് 19 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. പദ്ധതിക്ക്​ സാങ്കേതികാനുമതി ലഭിക്കുന്നതിനായി സമർപ്പിച്ചിരിക്കുകയാണെന്നും സെപ്​റ്റംബറിൽ ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാൻ സാധിക്കുമെന്നും ജലവിഭവ വകുപ്പ് എക്സി. എൻജിനീയർ ഡി.കെ. രമേഷ് ബാബു യോഗത്തെ അറിയിച്ചു. പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണം ഉറപ്പുവരുത്താൻ എം.എൽ.എ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് സെപ്​റ്റംബർ ആദ്യവാരം പഞ്ചായത്തടിസ്ഥാനത്തിൽ യോഗം ചേർന്ന് കോഒാഡിനേഷൻ കമ്മിറ്റി രൂപവത്​കരിക്കാനും തീരുമാനമായി. പദ്ധതി പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തുമെന്ന് ടി.വി. രാജേഷ് എം.എൽ.എ പറഞ്ഞു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം. കുഞ്ഞിരാമൻ (കുഞ്ഞിമംഗലം), പി. പ്രഭാവതി (ചെറുതാഴം), എ. സുഹറാബി (മാടായി), വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ റിജു വണ്ണാലത്ത്, അസി. എൻജിനീയർ കെ. അശ്വിൻ ദേവ്, പഞ്ചായത്ത് സെക്രട്ടറിമാരായ കെ.ബി. ഷംസുദ്ദീൻ (മാടായി), പി.എം. ബിന്ദു. (കുഞ്ഞിമംഗലം), അസി. സെക്രട്ടറി ദിലീപ് പുത്തലത്ത് (ചെറുതാഴം) എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.