പയ്യന്നൂർ അഗ്നിരക്ഷ നിലയം

മാട്ടൂൽ പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകളിൽ വിവരശേഖരണം നടത്തി പയ്യന്നൂർ: പയ്യന്നൂർ അഗ്നിരക്ഷ നിലയ പരിധിയിൽ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ സർവേ പുരോഗമിക്കുന്നു. സർവേയുടെ ഭാഗമായി സേനാംഗങ്ങൾ ബുധനാഴ്ച സ്​റ്റേഷൻ പരിധിയിലെ മാട്ടൂൽ പഞ്ചായത്തി​ൻെറ വിവിധയിടങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തി. മാട്ടൂൽ പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകളിൽ നിന്നാണ് വിവരശേഖരണം നടത്തിയത്. നിലയപരിധിയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ സ്​റ്റേഷൻ പരിധിയിൽ ഏതാനും നാളുകൾക്കു മുമ്പുതന്നെ സർവേ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇത്തരം സർവേയിലൂടെ ദുരന്തങ്ങളും അപായങ്ങളും മറ്റുമുണ്ടാകുന്ന അത്യാഹിതങ്ങൾ ഒരുപരിധിവരെ തടഞ്ഞുനിർത്താൻ കഴിയുമെന്ന് കണ്ടെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതറിഞ്ഞ ഫയർ ആൻഡ്​ റസ്ക്യൂ ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ പയ്യന്നൂർ നിലയപരിധിയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങളെ അഭിനന്ദിക്കുകയും സംസ്ഥാനത്തെ 124 ഫയർ സ്​റ്റേഷനുകളിലും ഏകീകൃത സ്വഭാവത്തോടെ സർവേ നടത്തണമെന്ന് ഉത്തരവിടുകയും ചെയ്​തു. സംസ്ഥാനമൊട്ടാകെ മാതൃകയാക്കിയ സേനാംഗങ്ങളുടെ പ്രവർത്തനത്തെ ഇതേത്തുടർന്നാണ് സ്​റ്റേഷൻ പരിധിയിൽ സർവേ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചത്. സേനാംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവരശേഖരണം നടത്തുന്നത്. കാലവർഷക്കെടുതി, പ്രളയം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി മുൻകരുതൽ നടപടി നിർദേശിക്കുന്നതിനു പുറമെ പെട്രോൾ പമ്പിൽ ആവശ്യത്തിന് സുരക്ഷ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു. ചില വാഹനങ്ങളിൽ അപകടരീതിയിലാണ്​ വാതക സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതെന്ന് സേന റിപ്പോർട്ട് ചെയ്തു. പഴകിയതും പൊളിഞ്ഞുവീഴാറായതുമായ കെട്ടിടങ്ങൾ കണ്ടെത്തി രജിസ്​റ്ററിൽ രേഖപ്പെടുത്തി. ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങൾ, ഒാവുചാൽ, കുടിവെള്ള സ്രോതസ്സുകൾ എന്നിവയെ കുറിച്ചും വിവരശേഖരണം നടത്തി. ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. സിവിൽ ഡിഫൻസ് സേനാംഗങ്ങളായ ഷറഫുദ്ദീൻ, സൂരജ്, സിദ്ധാർഥൻ, നിസാമുദ്ദീൻ, ശ്രീനാഥ്, സുമോദ് എന്നിവർ സർവേ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ഒപ്പം അതാതിടങ്ങളിലെ സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സഹായവും സേനക്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.