ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്: നറുക്കെടുപ്പിൽ പ്രസിഡൻറ് പദവി എൽ.ഡി.എഫിനും വൈസ് പ്രസിഡൻറ് യു.ഡി.എഫിനും

ഇരിക്കൂർ: ഇരുമുന്നണികൾക്കും തുല്യസീറ്റുകൾ ലഭിച്ച ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്​ അത്യന്തം വാശിയോടെ. ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നതുമുതൽ എൽ.ഡി.എഫ് ഭരിച്ച ഇവിടെ പ്രസിഡൻറ്, വൈസ് പ്രസിഡൻറുമാരുടെ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും ഏഴു വീതം സീറ്റുകൾ കിട്ടിയതിനാൽ നറുക്കെടുപ്പിലാണ് തീരുമാനമായത്. വോട്ടെടുപ്പിന് റിട്ടേണിങ്​ ഓഫിസർ ബെന്നി ജോൺ നേതൃത്വം നൽകി. ബി.ഡി.ഒ ആർ. അബു സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സ്ഥാനാർഥികളായി എൽ.ഡി.എഫിൽ നിന്ന് അഡ്വ. റോബർട്ട് ജോർജും യു.ഡി.എഫിൽ നിന്ന് ചാക്കോ പാലക്കലോടിയുമാണ് മത്സരിച്ചത്. ഇരുവർക്കും വോട്ടെടുപ്പിൽ ഏഴ് വീതം വോട്ടുകളാണ് കിട്ടിയത്. തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. റോബർട്ട് ജോർജ്​ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഉച്ചക്ക് രണ്ടിന്​ നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഒ.എസ്​. ലിസി ടീച്ചറും എൽ.ഡി.എഫ് സ്ഥാനാർഥിയായി കെ.പി. രേഷ്മയും മത്സരിച്ചു. വേട്ടെടുപ്പിൽ ഇരുവർക്കും ഏഴ് വീതം തുല്യ വോട്ടുകൾ കിട്ടിയതിനാൽ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. നറുക്കെടുപ്പിൽ വിജയം തുണച്ചത് യു.ഡി.എഫ് സ്ഥാനാർഥി ഒ.എസ്​. ലിസി ടീച്ചറെയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.