മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി ബോട്ട് ജെട്ടികളുടെ നിർമാണം പുനരാരംഭിച്ചു

പെരിങ്ങത്തൂർ: മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായ മയ്യഴിപ്പുഴയിലെ ബോട്ട് ജെട്ടികളുടെ നിർമാണം പുനരാരംഭിച്ചു. ലോക്​ഡൗണിൽ ആറു മാസത്തിലേറെയായി നിർമാണം നിലച്ചുപോയിരുന്നു. ദ്രുതഗതിയിൽ പുരോഗമിച്ചിരുന്ന മൂന്നു ജെട്ടികളുടെയും നിർമാണ സാമഗ്രികളും ലോഹ ചങ്ങാടങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പുഴയോരത്ത് വെറുതെ കിടക്കുകയായിരുന്നു. നിർമാണത്തിനെത്തിയ അതിഥി തൊഴിലാളികളും മടങ്ങിപ്പോയിരുന്നു. മോന്താൽ, കരിയാട്, പെരിങ്ങത്തൂർ എന്നിവിടങ്ങളിലാണ് ആധുനിക ബോട്ട് ജെട്ടികളുടെ നിർമാണം നടക്കുന്നത്. പണി വേഗത്തിൽ തീർക്കാനാണ് തീരുമാനം. മോന്താലിൽ ജെട്ടിയുടെ മേൽക്കൂരയുടെ നിർമാണം പൂർത്തിയായിവരുന്നു. പെരിങ്ങത്തൂരിൽ ഇനി മേൽക്കൂരയുടെ നിർമാണം തുടങ്ങേണ്ടതുണ്ട്. ബോട്ട് ജെട്ടിയോടനുബന്ധിച്ച് സൗരോർജ വിളക്കുകളുള്ള നടപ്പാതകൾ, ശൗചാലയ സമുച്ചയം എന്നിവയും നിർമിക്കണം. കരിയാട് ഭാഗത്ത് പ്ലാറ്റ്ഫോമുകളോടുകൂടിയ ബോട്ട് ടെർമിനലും നിർമിക്കണം. പരമ്പരാഗത വാസ്തുനിർമാണശൈലിയിലാണ് നിർമാണം. 20 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. കൂത്തുപറമ്പ് മണ്ഡലത്തിൽ മയ്യഴി പുഴയിലെ വിനോദസഞ്ചാരത്തിന് അനുയോജ്യമായ പദ്ധതി പൂർത്തിയാവുന്നതോടെ തീരദേശ റോഡുൾപ്പെടെയുള്ള വികസന പദ്ധതികൾക്കും വേഗം കൂടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.