നിയമസഭ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ സഹകരിക്കണം

കണ്ണൂർ: അര്‍ഹരായ മുഴുവന്‍പേരെയും ഉൾപ്പെടുത്തി കുറ്റമറ്റ വോട്ടര്‍പട്ടിക തയാറാക്കാന്‍ എല്ലാ രാഷ്​ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമീഷനുമായി സഹകരിക്കണമെന്ന്് വോട്ടര്‍ പട്ടിക നിരീക്ഷകൻ കെ. ഗോപാലകൃഷ്ണഭട്ട് അഭ്യർഥിച്ചു. വോട്ടര്‍ പട്ടിക നവീകരണം ചര്‍ച്ചചെയ്യാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെ പുതിയ പേരു ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ട്. ഇത്തരം അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും 2021 ജനുവരി 15നകം തീര്‍പ്പ് കല്‍പ്പിക്കും. ജനുവരി 20ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വോട്ടര്‍പട്ടികയില്‍നിന്ന് പേരു നീക്കുന്ന വിവരം വോട്ടര്‍മാരെ രേഖാമൂലം അറിയിക്കണമെന്നാണ് ചട്ടമെന്നും ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഗോപാലകൃഷ്ണഭട്ട് പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സണ്ണി ജോസഫ് എം.എല്‍.എ, ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷ്​, വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. പുരുഷോത്തമന്‍, ടി.കെ. ഗോവിന്ദന്‍ മാസ്​റ്റര്‍, എം. ഗംഗാധരന്‍, എം.പി. വേലായുധന്‍, സി.എച്ച്. പ്രഭാകരന്‍, പി.പി. ദിവാകരന്‍, പി.ആര്‍. രാജന്‍, എം. ഉണ്ണികൃഷ്ണന്‍, ഷക്കീര്‍ മൗവ്വഞ്ചേരി, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.