തെരുവുനായ്​ ശല്യം; ജീവനക്കാർ പ്രതിഷേധിച്ചു

കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന് കടിയേറ്റിരുന്നു തളിപ്പറമ്പ്: താലൂക്ക് ഓഫിസ് വളപ്പിലെ തെരുവുനായ്​ ശല്യത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. താലൂക്ക് ഓഫിസിലെയും സിവില്‍ സ്​റ്റേഷനിലെയും ജീവനക്കാരാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന് നായുടെ കടിയേറ്റിരുന്നു. താലൂക്ക്​ ഓഫിസിലെ ക്ലർക്ക്​ കൊല്ലം സ്വദേശി ജോഷി ഫെറിയയെയാണ് കഴിഞ്ഞ ദിവസം നായ്​ കടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുമുമ്പും ജീവനക്കാര്‍ക്ക് നേരെയും ഇവിടെയെത്തുന്നവർക്കു നേരെയും നായ്​ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളുടെ സീറ്റുകൾ കടിച്ചുകീറുന്നതും പതിവാണ്​. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിലും ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ തെരുവുനായ്​ക്കൾ തങ്ങള്‍ക്ക് ഭീഷണിയായി മാറുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഒരു സ്വകാര്യവ്യക്തിയാണ് താലൂക്ക് വളപ്പിലെ നായ്​ക്കൾക്ക്​ ദിവസവും ഭക്ഷണം കൊടുത്ത് വളര്‍ത്തുന്നതെന്നും ജീവനക്കാര്‍ പരാതിപ്പെട്ടു. ഒരു പ്രമുഖ രാഷ്​ട്രീയ പാർട്ടി നേതാവു കൂടിയായ ഇയാൾ പരാതി പറയുന്നവര്‍ക്കുനേരെ ഭീഷണി ഉയര്‍ത്താറുണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍.ഡി.ഒക്കും തഹസില്‍ദാർക്കും ജീവനക്കാര്‍ നിവേദനം നല്‍കിയിട്ടുണ്ട്. പരിഹാരം കാണാൻ ആർ.ഡി.ഒ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ മോഹനൻ നൂഞ്ഞാടൻ പറഞ്ഞു. താലൂക്ക് ഓഫിസിന് മുന്നിലെ ഗാന്ധി പ്രതിമക്ക് ചുറ്റും നിന്നാണ് ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചത്. ആര്‍.ഡി ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് പി.സി. സാബു, തളിപ്പറമ്പ് വില്ലേജ് ഓഫിസര്‍ കെ. അബ്​ദുൽ റഹ്മാന്‍, താലൂക്ക് ഓഫിസ് ക്ലര്‍ക്ക്​ സി. ഹാരിസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.