സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷിവികസനവുമായി ടൗൺ സർവിസ്​ ബാങ്ക്​

കണ്ണൂർ: നഗര ഹൃദയത്തിൽ വൻ കാർഷിക സംരംഭം ഒരുക്കാൻ കണ്ണൂർ ടൗൺ സർവിസ് ബാങ്ക് ഒരുങ്ങുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന സംരംഭം കേരള ബാങ്ക്‌ കണ്ണൂർ റീജനൽ ഓഫിസുമായി ചേർന്നാണ്‌ നടപ്പാക്കുന്നത്‌. താഴെ ചൊവ്വ സ്‌പിന്നിങ്‌ മില്ലിനു പിറകിൽ കേരള ബാങ്ക്‌ റീജനൽ ഓഫിസി​ൻെറ ഉടമസ്ഥതയിലുള്ള അഞ്ചരയേക്കർ ഭൂമിയിലാണ് കൃഷിയിറക്കുന്നത്‌. കേരള ബാങ്കി​ൻെറ ഒന്നാം വാർഷികാഘോഷത്തി​ൻെറ ഭാഗമായാണ്‌ പദ്ധതിക്ക്‌ തുടക്കം കുറിക്കുന്നത്‌. വർഷങ്ങളായി കാടുമൂടിക്കിടന്ന ഭൂമി മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരുന്നു. തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന പ്രവൃത്തികൾക്കാണ്‌ തിങ്കളാഴ്‌ച തുടക്കമായത്‌. വിവിധയിനം പച്ചക്കറികൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുകയാണ് ‌ലക്ഷ്യം. കുടുംബശ്രീ പ്രവർത്തകരാണ്‌ കൃഷി നടത്തുക.‌ കേരള ബാങ്ക്‌ റീജനൽ ഓഫിസിലെ അഗ്രികൾചർ ഓഫിസറുടെ സാങ്കേതിക മേൽനോട്ടത്തിലായിരിക്കും പദ്ധതി. പ്രവൃത്തി ഉദ്‌ഘാടനം കേരള ബാങ്ക്‌ ഡയറക്ടർ കെ.ജി. വത്സലകുമാരി നിർവഹിച്ചു. കണ്ണൂർ ടൗൺ സർവിസ്‌ സഹകരണ ബാങ്ക്‌ പ്രസിഡൻറ്​ എൻ.പി. ശ്രീനാഥ്‌ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക്‌ കണ്ണൂർ റീജനൽ ജനറൽ മാനേജർ എ. അനിൽ കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ പി. ശശികുമാർ, കുടുംബശ്രീ സി.ഡി.എസ്‌ അംഗം സി. വിലാസിനി തുടങ്ങിയവർ പങ്കെടുത്തു. ടൗൺ ബാങ്ക്‌ സെക്രട്ടറി ഇ. ബീന സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.