ചെങ്കൽ പണിമുടക്ക് തീർന്നു

നാളെ മുതൽ പണകൾ പ്രവർത്തിക്കും ശ്രീകണ്ഠപുരം: അധികൃതർ ചെങ്കൽ പണകളിൽ പരിശോധന നടത്തി വൻ തുക പിഴയീടാക്കുന്നുവെന്നാരോപിച്ച് നാലുദിവസമായി ഉടമകൾ നടത്തിയ പണിമുടക്ക് പിൻവലിച്ചു. ചെങ്കൽ അസോസിയേഷൻ ജില്ല ഭാരവാഹികളും തൊഴിലാളി യൂനിയൻ നേതാക്കളും ഡ്രൈവേഴ്സ് യൂനിയൻ നേതാക്കളും രാഷ്​ട്രീയ പാർട്ടി നേതാക്കളും ചേർന്ന് നടത്തിയ ചർച്ചയിലൂടെയാണ് ചെങ്കൽ പണകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തിപ്പിക്കാൻ ധാരണയായത്. സർക്കാർ മിച്ചഭൂമി, ദേവസ്വം ഭൂമി എന്നിവ ഒഴികെയുള്ള സ്ഥലത്ത് മാത്രമേ ചെങ്കൽ ഖനനം നടത്താൻ പാടുള്ളൂവെന്ന കർശന ഉപാധികളോടെയാണ് പണകളിൽ പണി തുടങ്ങാൻ തീരുമാനമായത്. ജിയോളജി -റവന്യൂ- പൊലീസ് അധികാരികൾ എല്ലാ ചെങ്കൽ പണകളിലും പരിശോധന നടത്തുകയും യന്ത്രങ്ങളും ലോറികളും പിടിച്ചെടുക്കുകയും വൻതുക പിഴയീടാക്കുകയും ചെയ്തതിനെ തുടർന്ന് നാലുദിവസമായി പണകൾ സ്തംഭിപ്പിച്ച് ഉടമകൾ പ്രതിഷേധിക്കുകയായിരുന്നു. അനധികൃത പണകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുപകരം എല്ലാവരെയും ദ്രോഹിച്ചുവെന്നായിരുന്നു ഉടമകളുടെ പരാതി. ചെങ്കൽ ക്ഷാമം രൂക്ഷമായതോടെ നിർമാണമേഖലയും സ്തംഭിച്ചിരുന്നു. ബുധനാഴ്ച നടന്ന യോഗത്തിലാണ്​ പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.