ലീഗ് വിമത സ്ഥാനാർഥിക്കെതിരെ നടപടി

പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിൽ പാർട്ടി തീരുമാനം ലംഘിച്ച് നാമനിർദേശ പത്രിക സമർപ്പിക്കുകയും മത്സരത്തിൽ ഉറച്ചുനിൽക്കുകയും ചെയ്​ത മുസ്​ലിം ലീഗ് വിമത സ്ഥാനാർഥിക്കെതിരെ അച്ചടക്ക നടപടി. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി നഗരസഭയിലെ തായിനേരി വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന തായിനേരിയിലെ എം. ബഷീറിനെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന്​ സസ്പെൻഡ്​ ചെയ്​തത്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശാനുസരണമാണ് ലീഗ് ജില്ല കമ്മിറ്റിയുടെ നടപടി. മൂന്നുതവണ നഗരസഭാംഗമായിരുന്ന ബഷീറിനെ വീണ്ടും മത്സരിപ്പിക്കാൻ മുനിസിപ്പൽ ലീഗ് കമ്മിറ്റി ശിപാർശ ചെയ്​തിരുന്നുവെങ്കിലും ജില്ല കമ്മിറ്റി ബഷീറി​ൻെറ പേര് ഒഴിവാക്കി പകരം എ.എം. നിസാറിനെ നിർദേശിച്ചു. ഇതിൽ പ്രതിഷേധിച്ച് ബഷീർ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിക്കുകയായിരുന്നു. പിൻവലിക്കാനുള്ള സമയം കഴിഞ്ഞിട്ടും പത്രിക പിൻവലിക്കാതെ മത്സരത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതോടെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. നിലവിൽ ലീഗ് മണ്ഡലം നിർവാഹക സമിതി അംഗവും ജില്ല കൗൺസിലറുമാണ് ബഷീർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.