ചെങ്കൽ മേഖല സ്തംഭിച്ചു; തൊഴിലാളികൾ മടങ്ങുന്നു

ജിയോളജിയും പൊലീസും റവന്യൂ വകുപ്പും ദ്രോഹിക്കു​ന്നെന്ന് ഉടമകൾ ശ്രീകണ്ഠപുരം: ജില്ലയിൽ അനധികൃത ഖനനത്തിനെതിരെ നടക്കുന്ന പരിശോധനയുടെ മറവിൽ വ്യാപകമായി പരിശോധനയും പിഴ ചുമത്തലും നടത്തുന്നതിൽ പ്രതിഷേധിച്ച് ചെങ്കൽ പണകൾ നിർത്തി​െവച്ച് പ്രതിഷേധം. ജിയോളജി വകുപ്പും പൊലീസും റവന്യൂ വകുപ്പും വ്യാപക പരിശോധനയും പിഴയീടാക്കലും നടത്തിയതോടെയാണ് ഉടമകൾ ചെങ്കൽ പണകൾ സ്തംഭിപ്പിച്ചത്. ലോക്ഡൗണിന് ശേഷം ചെങ്കൽ മേഖല സജീവമായി വരുന്നതിനിടെയാണ് അധികൃതർ വ്യാപക പരിശോധന തുടങ്ങിയത്. പണകൾ നിർത്തി​െവച്ചതോടെ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. വീണ്ടും പണി തുടങ്ങുമ്പോൾ ഇതു തിരിച്ചടിയാവും. ഇവിടത്തെ ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും ഇതോടെ പെരുവഴിയിലായിരിക്കുകയാണ്. ജില്ലയിലെ പ്രധാന ചെങ്കൽ ഖനന പ്രദേശങ്ങളായ ചേപ്പറമ്പ്, ചുഴലി മാവിലംപാറ, കൊളത്തൂർ, കൂനം, കിരാത്ത്, ചെങ്ങളായി എടക്കുളം, മൊയാലംതട്ട്, കുറുമാത്തൂർ, ചുണ്ടക്കുന്ന്, ഏരുവേശി, പയ്യാവൂർ കുന്നത്തൂർ, ആനയടി, ഊരത്തൂർ, കല്യാട്, ബ്ലാത്തൂർ, മട്ടന്നൂർ, പയ്യന്നൂർ, എരമംകുറ്റൂർ, കാങ്കോൽ, പെരിങ്ങോം തുടങ്ങിയ മേഖലകളിലെല്ലാം ചെങ്കൽ പണകൾ നിശ്ചലമാണ്. ചെങ്കല്ലുകൾ ലഭിക്കാതായതോടെ നിർമാണമേഖലയാകെ സ്തംഭിച്ചിരിക്കയാണ്. പണകൾക്ക് ലൈസൻസെടുക്കാൻ ഉടമകൾ തയാറാണ്. എന്നാൽ നിലവിൽ ചെങ്കൽപ്പണകൾക്ക് ലൈസൻസ് നൽകാൻ ജിയോളജി വകുപ്പ് തയാറാവുന്നില്ല. കൃത്യമായ രീതിയിൽ അപേക്ഷ നൽകിയിട്ടും ലൈസൻസ് ലഭിച്ചില്ലെന്ന് ഉടമകൾ പറയുന്നു. കേന്ദ്ര ​ൈട്രബ്യൂണലി​ൻെറ നിർദേശമുള്ളതിനാലാണ് ലൈസൻസ് നൽകാത്തതെന്നാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പയ്യന്നൂരിലും ചുഴലിയിലും മിച്ചഭൂമി കൈയേറി ചെങ്കൽ ഖനനം നടത്തിയത് ഏറെ വിവാദമായിരുന്നു. തുടർന്നാണ് റവന്യൂ വകുപ്പ് കർശന നടപടി സ്വീകരിച്ചു തുടങ്ങിയത്. കലക്ടറുടെ റിപ്പോർട്ട് പ്രകാരം ജില്ല പൊലീസ് മേധാവി മുഴുവൻ പൊലീസ് സ്​റ്റേഷനുകളിലും നിർദേശം നൽകിയതോടെ ചെങ്കൽ ലോറികൾ വ്യാപകമായി പിടികൂടാനും പിഴ ചുമത്താനും തുടങ്ങി. പൊലീസും റവന്യൂ വകുപ്പും ചേർന്ന് ചെങ്കൽ പണകളിൽ പരിശോധന നടത്തി യന്ത്രങ്ങളും മറ്റും പിടിച്ചെടുത്തു. വ്യാപക പരിശോധന തുടർന്നതോടെയാണ് ഉടമകൾ പണകൾ നിർത്തിവച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കുളളിൽ ജില്ലയിലെ വിവിധ പൊലീസ് സ്​റ്റേഷനുകളിൽ ചെങ്കൽ ലോറികൾ പിടികൂടിയ വകയിൽ മാത്രം ലക്ഷങ്ങളാണ് പിഴയീടാക്കിയത്. ചെങ്കൽ പണകൾ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന്​ ചെങ്കൽ വ്യവസായ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ മനോഹരൻ, സെക്രട്ടറി ജോസ് നടപ്പുറം, ജോ. സെക്രട്ടറി വി.വി. സന്തോഷ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.