തലശ്ശേരി മുസ്​ലിംലീഗിൽ പുരുഷ മേധാവിത്വമെന്ന്

തലശ്ശേരി മുസ്​ലിംലീഗിൽ പുരുഷ മേധാവിത്വമെന്ന് തലശ്ശേരി: മുസ്​ലിംലീഗ് നേതാക്കളുടെ വ്യക്തിഹത്യയും സമൂഹമാധ്യമങ്ങളിലൂടെ കല്ലുവെച്ച നുണകൾ പ്രചരിപ്പിച്ചതിനാലുമാണ് ചേറ്റംകുന്ന് വാർഡിൽ സ്വതന്ത്രയായി മത്സരിക്കാനിറങ്ങിയതെന്ന് മുൻ തലശ്ശേരി നഗരസഭാംഗവും വനിതലീഗ് ജില്ല ജോ. സെക്രട്ടറിയുമായിരുന്ന പി.പി. സാജിത വാർത്തസമ്മേളനത്തിൽ പറഞ്ഞു. തലശ്ശേരി നിയോജക മണ്ഡലം ലീഗിൽ പുരുഷ മേധാവിത്വമാണ്. താൻ ലീഗിൽനിന്ന് വിട്ടുപോയിട്ടില്ല. സ്വതന്ത്രയായി മത്സരിക്കുന്നതിനാൽ പാർട്ടി നൽകിയ സ്ഥാനങ്ങൾ മാത്രമാണ് രാജിവെച്ചത്. എൽ.ഡി.എഫ് സഖ്യത്തിലേക്ക് പോയെന്നുള്ളത്​ തെറ്റായ പ്രചാരമാണ്. ഒരു സ്ത്രീ എന്ന പരിഗണനപോലും നൽകാതെ മാധ്യമങ്ങളിലൂടെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. അധികാര മോഹമുണ്ടായിരുന്നെങ്കിൽ പിലാക്കണ്ടി മുഹമ്മദലി ലീഗ് വിട്ടുപോവുമ്പോൾ കൂടെ പോവുമായിരുന്നു. ചേറ്റംകുന്ന് വാർഡിലെ ജനങ്ങളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്​. പ്രദേശവാസികളായ 500 േപർ ഒപ്പിട്ട നിവേദനം പാർട്ടിക്ക് നൽകുകയും ചെയ്തിരുന്നു. വീണ്ടും മത്സരിക്കാനില്ലെന്ന് ആദ്യഘട്ടത്തിൽ പറഞ്ഞപ്പോൾ മത്സരിക്കണമെന്ന് നിർബന്ധിച്ച പാർട്ടി പിന്നീട് പിന്മാറിയത് തെറ്റായ നീക്കമാണ്.ഗ്രീൻവിങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചില പരിപാടിയിൽ പങ്കെടുത്തതാണ് തനിക്കെതിരെയുളള നീക്കമായി കാണുന്നത്. താൻ ഗ്രീൻവിങ്​സി​ൻെറ പ്രവർത്തകയല്ല. എന്നാൽ, ഗ്രീൻവിങ്​സ്​ പ്രവർത്തകനായ ലീഗ് നേതാവി​ൻെറ മകനെയാണ് ചേറ്റംകുന്ന് വാർഡിൽ സ്ഥാനാർഥിയാക്കിയത്. സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം രാത്രി തലശ്ശേരി മുനിസിപ്പൽ ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി സി. അഹമ്മദ് അൻവർ കത്ത് കൊടുത്തുവിട്ടിരുന്നു. എന്നാൽ, നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നും സാജിത പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.