ജില്ല ജയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തളിപ്പറമ്പ്: ജില്ല ജയിലിന് കാഞ്ഞിരങ്ങാട്ട്​ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ഗ്രൗണ്ടിന് സമീപത്തെ 3.5 ഏക്കര്‍ സ്ഥലത്താണ് 31,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആധുനിക ജയില്‍ നിര്‍മിക്കുന്നത്. ഉത്തരമേഖല ജയില്‍ ഡി.ഐ.ജി എം.കെ. വിനോദ് കുമാര്‍ കുറ്റിയടിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലം അടയാളപ്പെടുത്തി നല്‍കിയ ശേഷമാണ് നിര്‍മാണ പ്രവൃത്തി തുടങ്ങിയത്. ചൊവ്വാഴ്ച മുതല്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ നിര്‍മാണ പ്രവൃത്തി തുടരുമെന്ന് ജയില്‍ സ്‌പെഷല്‍ ഓഫിസര്‍ ടി.കെ. ജനാര്‍ദനന്‍ പറഞ്ഞു. 2023 ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടല്‍ നടത്തിയെങ്കിലും തൊട്ടുപിന്നാലെ ലോക്​ഡൗണ്‍ വന്നതോടെ തുടര്‍പ്രവൃത്തി സ്തംഭിക്കുകയായിരുന്നു. 18 കോടി രൂപ ചെലവഴിച്ചാണ് ജയില്‍ നിര്‍മാണം നടത്തുന്നത്. 7.50 കോടിയോളം രൂപ ആദ്യഘട്ടത്തില്‍ അനുവദിച്ചു. കാസര്‍കോട് ചെർക്കള സ്വദേശി ഷമീറാണ് നിര്‍മാണ കരാര്‍ എടുത്തത്. ജയില്‍ രണ്ടുനിലയിലും ഓഫിസ് കെട്ടിടം മൂന്നാംനിലയിലുമാണ് ഒരുക്കുന്നത്. നോഡല്‍ ഓഫിസര്‍ പി.ടി. സന്തോഷ്, എ.എക്‌സ്.ഇ സവിത, എ.ഇ എം. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.