ഇടതിന്​ എതിരില്ലാ കോട്ടയായി മലപ്പട്ടം

സംസ്ഥാനത്തുതന്നെ ഇടതി​ൻെറ എതിരില്ലാ കോട്ടയാണ് മലപ്പട്ടം. സി.പി.എമ്മി​ൻെറ തുടർ ഭരണം എന്നും എതിരില്ലാ ജയത്തിലാണ് ഇവിടെ. കാരണം കോൺഗ്രസും യു.ഡി.എഫും പത്രിക നൽകാൻ പോലും പോകാറില്ലയെന്നതാണ്. എന്നാൽ, ഒരു പാർലമൻെറ് തെരഞ്ഞെടുപ്പിൽ കെ. സുധാകരന് മലപ്പട്ടത്ത് വൻ വോട്ട് ലഭിച്ചത് കോൺഗ്രസിന് പ്രതീക്ഷ നൽകിയതിനാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാമമാത്ര സീറ്റിലെങ്കിലും മത്സരിക്കാൻ അവർ തയാറായി. എങ്കിലും അന്തിമഫലം മലപ്പട്ടം ചുവന്നുതുടുത്തുവെന്നതാണ്. വികസന കുതിപ്പാണ് എല്ലാ മേഖലയിലും നടപ്പാക്കിയതെന്ന് പറഞ്ഞ് തുടർ ഭരണത്തിനായി ഇടതുപക്ഷവും ഏകാധിപത്യ പാർട്ടി ഭരണം വികസന മുരടിപ്പുണ്ടാക്കിയതിനാൽ ഭരണമാറ്റമാണ് വേണ്ടതെന്ന് പറഞ്ഞ് വലതുപക്ഷവും ഇത്തവണ വോട്ട് തേടുകയാണ്. ആകെ 13 വാർഡുകളിൽ സി.പി.എം -12, സി.പി.ഐ -1 എന്നിങ്ങനെയാണ്​ എൽ.ഡി.എഫി​ൻെറ കക്ഷിനില. ആകെ വോട്ടർമാർ -7307. പുരുഷന്മാർ -3353. വനിതകൾ -3954. വലതുചാഞ്ഞ് പയ്യാവൂരും ഏരുവേശിയും കുടിയേറ്റ മലമടക്കുമണ്ണായ പയ്യാവൂരിനും ഏരുവേശിക്കും വലതു പാരമ്പര്യമാണ് ഏറെയും. പഴയ പയ്യാവൂർ സമരം സംസ്ഥാന ശ്രദ്ധ നേടി കേരള രാഷ്​ട്രീയത്തിലെ ചരിത്രമായപ്പോൾ ഇവിടുത്തെ കോൺഗ്രസ് കളരിയിൽ കളിയടവ് പയറ്റിത്തെളിയാത്തവർ പിന്നീടിങ്ങോട്ട് ആരുമുണ്ടായില്ല. ഒരു തവണ ഇടതിന് ഭരണം നൽകിയത് കോൺഗ്രസുകാർതന്നെ ഗ്രൂപ് കളിച്ചാണ്. ഇപ്പോഴും ഗ്രൂപ്പും കാലുവാരലുമെല്ലാം പഴയ രീതിയിൽ പയ്യാവൂർ കോൺഗ്രസിൽ തുടരുന്നുണ്ട്. വലതു പാരമ്പര്യം തുടരുമെന്ന ഉറപ്പുള്ളതിനാൽ കോൺഗ്രസിൽ സ്ഥാനാർഥിയാകാനും ഒട്ടേറെപ്പേരുണ്ട്. വികസനത്തിലൂടെ വിവാദങ്ങളില്ലാതെ പയ്യാവൂരി​ൻെറ മുഖംമാറ്റിയിട്ടുണ്ടെന്നും ഭരണത്തുടർച്ചക്ക് യു.ഡി.എഫിന് വോട്ട് നൽകണമെന്നും പറഞ്ഞ് അവർ തെരഞ്ഞെടുപ്പിനിറങ്ങുമ്പോൾ പയ്യാവൂർ മാറ്റം കൊതിക്കുന്നുണ്ടെന്നും അതിന് വോട്ട് നൽകണമെന്നുമാണ് ഇടതുപക്ഷത്തി​ൻെറ പ്രചാരണം. ആകെ വാർഡുകൾ -16. കക്ഷിനില -യു.ഡി.എഫ് - 11 (കോൺ - 10, കേരള കോൺ. ജോസഫ് വിഭാഗം -1), എൽ.ഡി.എഫ് -5 (സി.പി.എം). വോട്ടർമാർ -18,752. പുരുഷ വോട്ടർമാർ -9187, വനിത വോട്ടർമാർ -9565. തെരഞ്ഞെടുപ്പിൽ മൂന്നു തവണ ഇടതുപക്ഷത്തെ തുണച്ചതൊഴിച്ചാൽ പിന്നീടിതുവരെ കോൺഗ്രസ് പാരമ്പര്യമാണ് ഏരുവേശി കാത്തത്. ഇത്തവണ കടുത്തമത്സരം നടക്കുന്നതിനാൽ ഇരുവിഭാഗവും വിജയപ്രതീക്ഷ പറയുന്നുണ്ട്. ബി.ജെ.പിയും നാമമാത്ര മത്സരത്തിനുണ്ട്. വികസനത്തുടർച്ചക്ക് കോൺഗ്രസും മാറ്റം നൽകാൻ ഇടതും നേരത്തെതന്നെ വോട്ടു ചോദിച്ച് കളത്തിലിറങ്ങിയിട്ടുണ്ട്. ആകെ വാർഡുകൾ- 14. കക്ഷിനില -കോൺഗ്രസ് - 9, സി.പി.എം- 5. ആകെ വോട്ടർമാർ -14,902, പുരുഷൻമാർ -7554, വനിതകൾ -7347. ആരെയും പിണക്കാതെ ചെങ്ങളായി ചെങ്ങളായിക്ക് ആരെയും പിണക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് പഞ്ചായത്ത് പിറന്നതു മുതൽ ഇന്നോളം ഇടതുമാറി വലതു ചാഞ്ഞ് മുന്നേറിയ കാഴ്ച ചെങ്ങളായിയിൽ കണ്ടത്. തെരഞ്ഞെടുപ്പിൽ കൂടുതൽ തവണ ഇടതിനെയാണ് പിന്തുണച്ചതെങ്കിലും മാറിമാറി വലതിനെയും അധികാരത്തിലേറ്റിയിട്ടുണ്ട്. ആർക്കും സമ്പൂർണാധിപത്യം ചെങ്ങളായി നൽകിയിട്ടില്ല. സി.പി.എമ്മും കോൺഗ്രസും മുസ്​ലിം ലീഗും ഐ.എൻ.എല്ലും സി.പി.ഐയുമെല്ലാം ചെങ്ങളായിൽ വേണ്ടുവോളമുണ്ട്. മുന്നണി തലത്തിലെത്തുമ്പോൾ ഇടതും വലതും ശക്തി കാട്ടുന്നത് അതുകൊണ്ടാണ്. തുടർ ഭരണത്തിനും വികസനക്കുതിപ്പിനുമാണ് ഇടതുപക്ഷം ഇത്തവണ വോട്ട് തേടുന്നത്. എന്നാൽ, വികസന മുരടിപ്പ് മാറ്റി ജനകീയ വികസന സ്വപ്നം യാഥാർഥ്യമാക്കുന്ന ഭരണ സമിതിയെ തിരഞ്ഞെടുക്കാൻ വോട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് വലതുപക്ഷം വോട്ട് തേടുന്നത്. ആകെ വാർഡുകൾ - 18. കക്ഷിനില - എൽ.ഡി.എഫ്-11 (സി.പി.എം- 10, സി.പി.ഐ- 1), യു.ഡി.എഫ് -7 (മുസ്​ലിം ലീഗ് -4 , കോൺ. -3). വോട്ടർമാർ -24,499. പുരുഷന്മാർ -11,494. വനിതകൾ -12,997.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.