തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിസൗഹൃദമാക്കണം

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മിര്‍ മുഹമ്മദലി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഹരിത പെരുമാറ്റചട്ടത്തിനനുസരിച്ച് മാത്രമെ നടത്താവൂ. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന എല്ലാവിധ നിരോധിത പ്ലാസ്​റ്റിക് വസ്തുക്കളും ഒഴിവാക്കണം. പ്ലാസ്​റ്റിക് പേപ്പര്‍, കപ്പുകള്‍, തെര്‍മോകോള്‍ പ്ലേറ്റുകള്‍, പ്ലാസ്​റ്റിക് പ്രചാരണ സാമഗ്രികള്‍ (കൊടി, തോരണം, ബാഡ്ജ്) എന്നിവ അനുവദനീയമല്ല. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതത് തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടിയെടുക്കണം. ജില്ലയിലെ മുഴുവന്‍ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും ഇലക്​ഷന്‍ ബൂത്തുകളും മാലിന്യമുക്തമായിരിക്കാന്‍ എല്ലാവരും സഹകരിക്കണം. പോളിങ് സ്​റ്റേഷനുകളിലേക്ക് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പ്ലാസ്​റ്റിക്/ ഡിസ്‌പോസബ്​ള്‍ വസ്തുക്കള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണം. ഇലക്​ഷന്‍ പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ ക്ലാസുകളിലും ഹരിത പെരുമാറ്റച്ചട്ടപാലനം കൂടി ഉള്‍പ്പെടുത്തണമെന്നും ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.