എത്രനല്ല നടക്കാത്ത സ്വപ്നം

എത്രനല്ല നടക്കാത്ത സ്വപ്നംഫോട്ടോ: SKPM AravusalaCap: ശ്രീകണ്ഠപുരം കൊട്ടൂർ വയലിൽ കാടുകയറി നശിക്കുന്ന, ആധുനിക ഇറച്ചി മാർക്കറ്റിനായി നിർമിച്ച കെട്ടിടം ആധുനിക ഇറച്ചി മാർക്കറ്റും മാലിന്യ സംസ്കരണ പ്ലാൻറും എവിടെ?ശ്രീകണ്ഠപുരം: വർഷങ്ങൾക്കു മുമ്പ് കൊട്ടൂർ വയലിൽ മാലിന്യ സംസ്കരണത്തിനായി ലക്ഷങ്ങൾ മുടക്കിയാണ് നഗരസഭയാകുന്നതിനു മുമ്പ് ശ്രീകണ്ഠപുരം പഞ്ചായത്ത് സ്ഥലമെടുത്തത്. സ്ഥലത്തിനുമാത്രം 30 ലക്ഷത്തോളം ചെലവഴിച്ചു. ശ്രീകണ്ഠപുരത്തെ ജൈവമാലിന്യം ശേഖരിച്ച് മണ്ണിര കമ്പോസ്​റ്റ്​ ഉണ്ടാക്കാനായിരുന്നു ആദ്യ ലക്ഷ്യം. മറ്റൊരു ഭാഗത്ത് പശുക്കളെ വളർത്തുകയും ചാണകം ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പുകൾ ഉണ്ടാക്കി മാലിന്യം കത്തിച്ചുകളയാനുമാണ് ലക്ഷ്യമിട്ടത്. നാട്ടുകാർ എതിർപ്പുമായി രംഗത്തിറങ്ങിയപ്പോൾ പദ്ധതി ജൈവവള നിർമാണ കേന്ദ്രമാണെന്ന നിലപാടിലായിരുന്നു അന്നത്തെ പഞ്ചായത്ത് ഭരണസമിതി. പക്ഷേ, പഴയ പഞ്ചായത്ത് രേഖകളിൽ മാലിന്യ സംസ്കരണ യൂനിറ്റ് എന്നുള്ളതിനാൽ പദ്ധതി പാതിവഴിക്ക് നിയമക്കുരുക്കിൽ കുടുങ്ങി. തൊട്ടടുത്ത ക്ഷേത്രം അധികൃതർകൂടി എതിർപ്പുമായി എത്തിയതോടെ പദ്ധതി പൂർണമായി മുടങ്ങി. ഒരു ആലോചനയുമില്ലാതെ ലക്ഷങ്ങൾ പാഴാക്കിയവർക്ക് മാലിന്യ സംസ്കരണ യൂനിറ്റ് കാടുകയറുന്നതിൽ ഒരു മറുപടിയുമില്ല. സമീപത്തുതന്നെ ഏറെ കൊട്ടിഘോഷിച്ചാണ് കൊട്ടൂർവയലിൽ ആധുനിക അറവുശാലയുടെ നിർമാണം തുടങ്ങിയത്. ഒരുകോടി രൂപയായിരുന്നു നിർമാണ ചെലവ്. വലിയ കെട്ടിടം നിർമിച്ചു. വലിയ അവകാശവാദങ്ങളുണ്ടായി. ജില്ലയിലൊട്ടാകെ നടക്കുന്ന അനധികൃത അറവുകൾ നിർത്തലാക്കാൻ കഴിയുന്നവിധം വൃത്തിയുള്ള മാംസ അറവ് നടത്താനും സംസ്കരിക്കാനും ഇവിടെ കഴിയുമെന്നായിരുന്നു അധികൃതരുടെ വാദം. കൊട്ടൂർ വയലിൽ കെട്ടിടം പണി തുടങ്ങുകയും ചെയ്തു. എന്നാൽ, ആധുനിക അറവുശാലയും ഇതുവരെ വന്നില്ല. പിന്നീട് നഗരസഭ ഓഫിസ് സമുച്ചയം ഇവിടെ സ്ഥാപിക്കാനുള്ള ആലോചനയുണ്ടായെങ്കിലും അവിടെയും എതിർപ്പുകളുയരുകയായിരുന്നു. നഗര ഹൃദയഭാഗത്തുനിന്ന്​ ഓഫിസ് സമുച്ചയം കൊട്ടൂർ വയലിലേക്ക് മാറ്റരുതെന്നായിരുന്നു ജനകീയ ആവശ്യം. നിലവിൽ പകൽ സമയത്ത് മദ്യപരുടെയും രാത്രിയിൽ അനാശാസ്യക്കാരുടെയും വിഹാരരംഗമാണ് ഇവിടത്തെ കെട്ടിടങ്ങൾ. കൊട്ടൂർ വയലിൽ അടുത്തടുത്തായി നിർമിച്ച മാലിന്യ സംസ്കരണ പ്ലാൻറ്​ കെട്ടിടവും ആധുനിക അറവുശാല കെട്ടിടവും കാടുകയറി നശിക്കുമ്പോഴും ആരും ഇവിടെ തിരിഞ്ഞുനോക്കിയില്ല. ഇനി പുതിയ ഭരണസമിതി വന്നാലെങ്കിലും പഴയ പദ്ധതിയോ പുതിയ പദ്ധതികളോ കൊട്ടൂർ വയലിൽ നടപ്പാക്കിയാൽ സർക്കാർ ചെലവിൽ പണിത കെട്ടിടം അനാഥമായി നശിക്കുന്നത് ഒഴിവാക്കാനാവുമെന്നാണ് വോട്ടർമാരുടെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.