സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണം -യു.ഡി.എഫ്

തലശ്ശേരി: ജനങ്ങളെ ദുരിതത്തിലാക്കുന്നതും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വീടും തൊഴില്‍ സ്ഥാപനങ്ങളും നഷ്​ടപ്പെടാനിടയാക്കുന്നതുമായ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി നേതാക്കൾ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തുനിന്ന്​ നാലു മണിക്കൂറിനുള്ളില്‍ കാസര്‍കോട് എത്താമെന്ന നിലയില്‍ 532 കിലോമീറ്റര്‍ ദൂരത്തിലുള്ള സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഏറെ ഇടുങ്ങിയതും ജനസാന്ദ്രതയേറിയതുമായ തലശ്ശേരിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾ ദുരിതത്തിലാകും. 2009 ഫെബ്രുവരിയില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണ് ഹൈസ്പീഡ് റെയില്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. 2010 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. സാധ്യത പഠനം നടത്താന്‍ അധികാരപ്പെടുത്തിയ ഡി.എം.ആര്‍.സി 2012 ജൂണില്‍ സര്‍ക്കാറിന്​ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് 2014 ഒക്ടോബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് അധികാരത്തിലെത്തിയ പിണറായി വിജയ​ൻെറ നേതൃത്വത്തിലുള്ള സർക്കാർ 2016 ജൂണില്‍ ഡി.എം.ആര്‍.സിയോട് സമ്പൂര്‍ണ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. 2019 ജനുവരിയില്‍ ഡി.എം.ആര്‍.സി സമര്‍പ്പിച്ച കേരള ഹൈസ്പീഡ് റെയില്‍ പ്രോജക്ട് ഭീമമായ സാമ്പത്തിക ചെലവുണ്ടാകുമെന്ന കാരണത്താല്‍ അവസാനിപ്പിക്കാൻ തീരുമാനിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച സ്വിസ്ട്ര എന്ന കണ്‍സല്‍ട്ടിങ് കമ്പനി സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി 66,079 കോടി രൂപ ചെലവില്‍ കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 2019 ഡിസംബറില്‍ സില്‍വര്‍ ലൈന്‍ എന്ന് നാമകരണം ചെയ്ത് പദ്ധതിക്ക് അംഗീകാരം നല്‍കി. പദ്ധതിയുടെ സമ്പൂര്‍ണ പ്രോജക്ട് റിപ്പോര്‍ട്ടിന് കേരള റെയില്‍ ഡെവലപ്‌മൻെറ് കോര്‍പറേഷന്‍ അംഗീകാരം നല്‍കി. കഴിഞ്ഞ ജൂണ്‍ 10ന് വടകര-തലശ്ശേരി സ്ട്രച്ചിൽ 57.5 കിലോമീറ്റര്‍ പരിധിയില്‍ മാറ്റംവരുത്തി റിവൈസ്ഡ് അലൈന്‍മൻെറിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്​. ജനസാന്ദ്രത തീരെ കുറഞ്ഞ പ്രദേശത്തെ സി.പി.എം കേന്ദ്രങ്ങളിലെ എതിര്‍പ്പിനെ തുടര്‍ന്നാണ് മാഹി മുതല്‍ എടക്കാട് വരെ നിലവിലുള്ള റെയിലിന് സമാന്തരമായി അലൈന്‍മൻെറ് മാറ്റിയത്. ഇതുവഴി ന്യൂമാഹി പഞ്ചായത്തിലെ നിരവധി ഭവനങ്ങളും തലശ്ശേരി നഗരസഭയിലെ തലായി, ടെംപ്​ള്‍, തിരുവങ്ങാട്, പുതിയ ബസ്​ സ്​റ്റാൻഡ്​, ചേറ്റംകുന്ന്, കൊടുവള്ളി മേഖലകളിലുള്ള നൂറുകണക്കിന് വീടുകളും കച്ചവടസ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. പുതിയ ബസ് സ്​റ്റാൻഡിലെ പഴം, പച്ചക്കറി മാര്‍ക്കറ്റുകള്‍ ഇല്ലാതാകും. തലശ്ശേരിയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ അഡ്വ. കെ.എ. ലത്തീഫ്, അഡ്വ. സി.ടി. സജിത്ത്, അഡ്വ. പി.വി. സൈനുദ്ദീന്‍, എന്‍. മഹമൂദ്, വി.എന്‍. ജയരാജ്, എ.കെ. ആബൂട്ടി ഹാജി, എം.പി. അരവിന്ദാക്ഷന്‍, വി.സി. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.